ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രമാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായ വികൃതി. എം സി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബധിരനും മൂകനും ആയ ഒരു കഥാപാത്രത്തെ ആണ് സുരാജ് അവതരിപ്പിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തേയും കഥാപാത്രത്തെയും അടിസ്ഥാനമാക്കി അജീഷ് പി തോമസ് രചിച്ച ഈ ചിത്രത്തിലെ സുരാജിന്റെ പ്രകടനം അതിഗംഭീരം എന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്. സുരാജിനൊപ്പം സൗബിൻ ഷാഹിറും ഈ ചിത്രത്തിലെ നിർണ്ണായകമായ ഒരു കഥാപാത്രത്തിന് ജീവൻ നൽകുന്നു. ഇപ്പോഴിതാ ഈ ചിത്രത്തേയും ഇതിലെ സുരാജിന്റെ പ്രകടനത്തേയും പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത നാടക- ചലച്ചിത്ര നടൻ ആയ കൃഷ്ണൻ ബാലകൃഷ്ണൻ.
തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം വികൃതിയേയും സുരാജിനെയും കുറിച്ച് വിശദമായി എഴുതിയിരിക്കുന്നത്. ഞാൻ കണ്ട വികൃതികൾ എന്ന തലക്കെട്ടോടെ അദ്ദേഹം പറഞ്ഞിരിക്കുന്ന വാക്കുകൾ ഇങ്ങനെ, “പ്രിയപ്പെട്ട സുരാജ് വെഞ്ഞാറമൂട്, നിങ്ങൾ അഭിനയത്തിന്റെ ഗതിമാറ്റി തുടങ്ങിയത് ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലൂടെയാണ്. നിങ്ങളുടെ സൂക്ഷ്മാഭിനയത്തിന്റെ സാധ്യതകള്‍ നിങ്ങള്‍ പരീക്ഷിച്ചുതുടങ്ങി. അന്ന് നിങ്ങളോടൊപ്പം ഞാന്‍ അഭിനയിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ആ ചിത്രത്തിന്റെ അഭിനയം നിങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം നേടിത്തന്നു. അതിനുശേഷം നിങ്ങള്‍ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തില്‍ അഭിനയിച്ച്, നിങ്ങളുടെ ആ സീനിലെ അഭിനയം ആ ചിത്രത്തിന്റെ സാമ്പത്തികവിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. പിന്നെ കിട്ടുന്ന അവസരങ്ങളിലെല്ലാം നിങ്ങള്‍ സൂക്ഷ്മാഭിനയത്തിന്റെ അനന്തസാധ്യതകള്‍ ക്യാമറയ്ക്കുമുന്നില്‍ വാരിവിതറിക്കൊണ്ടേയിരുന്നു. അവസാനം ‘വികൃതി’യില്‍ കൊതിപ്പിക്കുന്ന അഭിനയം കാഴ്ച്ചവയ്ക്കുകയും ചെയ്തു. ‘വികൃതി’യിലെ അവസാന സീന്‍ കണ്ണുനിറഞ്ഞുകൊണ്ട് കണ്ടുതീര്‍ക്കുമ്പോള്‍ അത് നാടകത്തിലായിരുന്നുവെങ്കില്‍ സ്റ്റേജില്‍ കയറി കെട്ടിപ്പിടിച്ച് ഉമ്മവെച്ചേനെ.”
ഈ ഫേസ്ബുക് പോസ്റ്റിൽ സുരഭി ലക്ഷ്മി, സൗബിൻ ഷാഹിർ, സുധി കോപ്പ എന്നിവരെയും കൃഷ്ണൻ ബാലകൃഷ്ണൻ പ്രശംസിച്ചിട്ടുണ്ട്. സുരഭി സ്വയം നടത്തുന്ന അഭിനയപരീക്ഷണങ്ങള്‍ നേരില്‍ കാണുകയും അവരോട് അസൂയ തോന്നുകയും ചെയ്തിട്ടുണ്ട് എന്നാണ് കൃഷ്ണൻ ബാലകൃഷ്ണൻ പറയുന്നത്. അഭിനയത്തിന്റെ മികവില്‍ നിന്ന് മികവിലേക്ക് സൗബിന്‍ എന്ന നടൻ ശരവേഗത്തില്‍ പാഞ്ഞുപോകുന്നത് ദൂരെമാറിനിന്ന് കാണുകയാണ് താൻ എന്നാണ് അദ്ദേഹം പറഞ്ഞത്. വികൃതി’യിലെ കഥാപാത്രം സുധി കോപ്പയും വളരെ തന്മയത്തത്തോടെ ചെയ്തു ഫലിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു. ലൈക്ക് ജേര്‍ണലിസത്തില്‍ പെട്ടുപോകുന്ന നമ്മളോരോരുത്തരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ‘വികൃതി’ എന്ന് പറഞ്ഞാണ് അദ്ദേഹം നിർത്തുന്നത്.