
പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ കോട്ടയം നസീർ സംവിധായകനാവാൻ ഒരുങ്ങുകയാണ്.ടോർച്ച് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അങ്കമാലി ഡയറീസിലൂടെ പ്രശസ്തനായ നടൻ ശരത് കുമാർ ആണ് നായക വേഷത്തിൽ അഭിനയിക്കുന്നത്. അപ്പാനി രവി എന്ന കഥാപാത്രമായി തകർപ്പൻ പ്രകടനമാണ് ശരത് കുമാർ കാഴ്ച വെച്ചത്. ടോർച്ച് എന്ന ചിത്രത്തിലെ മറ്റു താരങ്ങൾ ആരൊക്കെ ആയിരിക്കുമെന്ന് തീരുമാനിച്ചു വരുന്നതേയുള്ളു. അതുപോലെ തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ചും അതുപോലെ ചിത്രം എന്ന് ഷൂട്ടിങ് ആരംഭിക്കും എന്നതിനെ കുറിച്ചുമുള്ള വിവരങ്ങൾ അധികം വൈകാതെ പുറത്തു വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തനായ മിമിക്രി താരങ്ങളിൽ ഒരാളായ കോട്ടയം നസീർ ഒട്ടനവധി മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം മിമിക്രി താരവും നടനുമായ രമേശ് പിഷാരടിയും സംവിധായകനാവാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ജനപ്രിയ നായകന്മാരായ ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പേര് പഞ്ച വർണ്ണ തത്ത എന്നാണ്. അടുത്ത വര്ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത്. മിമിക്രി രംഗത്ത് നിന്ന് എത്തി സംവിധായകരായവരാണ് സിദ്ദിഖ്- ലാൽ ടീമും റാഫി മെക്കാർട്ടിൻ ടീമും . കലാഭവൻ അൻസാർ, നാദിർഷ തുടങ്ങിയവരും അങ്ങനെ വന്നവരാണ്. ഈ അടുത്തിടെ ഹരിശ്രീ യൂസഫും സംവിധായകനായി അരങ്ങേറിയിരുന്നു. ഇനി കോട്ടയം നസീറിന്റെ ഊഴമാണ്. കാത്തിരിക്കാം നമ്മുക്ക് കോട്ടയം നസീർ ഒരുക്കുന്ന ടോർച്ചിനായി.