കേരളത്തിലെ ഏറ്റവും മികച്ച മിമിക്രി താരങ്ങളിൽ ഒരാളാണ് കോട്ടയം നസീർ. മിമിക്രി താരം എന്ന നിലയിൽ മാത്രമല്ല, മലയാളത്തിലെ മികച്ച ഹാസ്യ നടമാരിലൊരാളായി കൂടി പേരെടുത്ത ഈ കലാകാരൻ ഒരു അനുഗഹീത ചിത്രകാരൻ കൂടിയാണ്. മനോഹരമായി ചിത്രം വരയ്ക്കുന്ന കോട്ടയം നസീറിന്റെ ആ കഴിവിനെക്കുറിച്ചു ഒരുപാട് തവണ മാധ്യമങ്ങളിൽ വന്നിട്ടുമുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ചിത്രം വരയ്ക്കുന്ന ഈ കലാകാരൻ ഈ കഴിഞ്ഞ ലോക്ക് ഡൌൺ കാലത്തും ചിത്രം വരയുമായി തന്നെ മുന്നോട്ടു നീങ്ങി. അങ്ങനെ അദ്ദേഹം വരച്ചത് ഇരുപത്തിയൊന്ന് ചിത്രങ്ങളാണ്. അതിൽ ഒരു ചിത്രം വിറ്റു പോയത് ഒരു ലക്ഷം രൂപയ്ക്കാണ്. തന്റെ ചിത്രം വിറ്റു കിട്ടിയ ആ തുക അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു. ഒരിക്കൽ അദ്ദേഹം വരച്ച ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം എറണാകുളത്ത് നടന്ന ശേഷമായിരുന്നു ഈ പ്രതിഭയുടെ ഇത്തരത്തിലൊരു കഴിവിനെക്കുറിച്ചു ലോകമറിഞ്ഞത്.
ഇപ്പോൾ ഒരു ലക്ഷം രൂപയ്ക്കു വിറ്റു പോയിരിക്കുന്നത് അദ്ദേഹം വരച്ച ക്രിസ്തു ദേവന്റെ ഒരു ചിത്രമാണ്. ആലപ്പുഴ ബീച്ച് ക്ലബ് എന്ന സംഘടനയാണ് കോട്ടയം നസീർ വരച്ച ആ ചിത്രം ഒരു ലക്ഷം രൂപ കൊടുത്തു വാങ്ങിച്ചത്. അക്രിലിക് പെയിന്‍റ് ഉപയോഗിച്ച് ഗ്രാഫിറ്റി മാതൃകയിലാണ് അദ്ദേഹം ഈ ചിത്രം വരച്ചിരിക്കുന്നത്. 21 ദിവസം നീണ്ട ഒന്നാംഘട്ട ലോക്ക് ഡൗണ്‍ കാലത്ത് ആണ് കോട്ടയം നസീർ 21 ചിത്രങ്ങൾ വരച്ചു പൂർത്തിയാക്കിയത്. മോഹൻലാൽ, രഞ്ജിത്ത്, മണികണ്ഠൻ ആചാരി, സന്തോഷ് കീഴാറ്റൂർ, അമൽ നീരദ്, കോട്ടയം നസീർ തുടങ്ങി ഒട്ടേറെ മലയാള സിനിമാ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്തിട്ടുണ്ട്.