
തമിഴകത്തെ പ്രശസ്ത താരങ്ങളിൽ ഒരാളായ സിമ്പു വമ്പൻ ശാരീരിക മാറ്റം നടത്തി ഒരു തിരിച്ചു വരവിനു ഒരുങ്ങുകയാണ് എന്ന വാർത്ത കുറച്ചു ദിവസങ്ങൾക്കു മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇടക്കാലത്തു ശരീര ഭാരം വർധിച്ച സിമ്പുവിന് പല ചിത്രങ്ങളും നഷ്ടമായിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ താരം മുപ്പതു കിലോയാണ് ഭാരം കുറച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വർക്ക് ഔട്ട് ചെയ്ത് ശരീരം കുറക്കുന്നതിനൊപ്പം തന്നെ ടെന്നീസ്, ബാസ്കറ്റ്ബാൾ, നീന്തൽ എന്നിവ കൂടി തന്റെ ദിന ചര്യയിൽ ഉൾപ്പെടുത്തിയാണ് സിമ്പു മികച്ച ഫിറ്റ്നസ് നേടിയെടുത്തിരിക്കുന്നതു. എന്നാൽ ഇതിനെല്ലാമൊപ്പം ഭരതനാട്യം കൂടി അഭ്യസിക്കുകയാണ് സിമ്പുവിപ്പോൾ. ഒരു ഗംഭീര നർത്തകനായ സിമ്പു ഭരതനാട്യം അഭ്യസിക്കുന്നത് മലയാളി നടിയും നർത്തകിയുമായ ശരണ്യ മോഹന്റെ കീഴിലാണ്. മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുള്ള നടിയാണ് ശരണ്യ മോഹൻ.

ഒൻപതു വർഷം മുൻപ് റിലീസ് ചെയ്ത ഒസ്തേ എന്ന തമിഴ് ചിത്രത്തിൽ സിമ്പുവിനൊപ്പം അഭിനയിച്ചിട്ടുമുണ്ട് ശരണ്യ. നടനായും സംവിധായകനായും നർത്തകനായും തിരക്കഥ രചയിതാവായും, സംഗീത സംവിധായകനായും, ഗായകനായുമെല്ലാം തിളങ്ങിയിട്ടുള്ള പ്രതിഭയാണ് സിമ്പു. മാനാട്, ഈശ്വരൻ എന്നീ ചിത്രങ്ങളാണ് ഇനി സിമ്പു നായകനായി തമിഴിൽ റിലീസ് ചെയ്യാനുള്ളത്. ഇതിൽ ഈശ്വരൻ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഒരാഴ്ച മുൻപേ റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഏതായാലും ഒരിടവേളക്ക് ശേഷം ആ പഴയ ഊർജ്ജസ്വലനായ സിമ്പുവിനെ വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിമ്പു ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും.