ഇങ്ങനെ പെരുമാറുന്ന സിനിമാ നടന്‍മാര്‍ ഉണ്ടോ എന്ന ചോദ്യം ഉയര്‍ത്താന്‍ കാരണമായി; ഞാനും എന്റെ നഗരവും താങ്കളോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് ജയസൂര്യയോട് കൊച്ചി മേയർ

Advertisement

നഗര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും മൂന്ന് നിർദേശങ്ങൾ പങ്കുവെച്ച നടൻ ജയസൂര്യയെ കുറിച്ചുളള കൊച്ചി മേയര്‍ അഡ്വക്കേറ്റ് എം അനില്‍ കുമാറിന്‌റെ കുറിപ്പ് വൈറലാകുന്നു. ജയസൂര്യയുടെ പ്രതിബദ്ധത തന്നെ വലിയ രീതിയിൽ ആകർഷിച്ചു എന്ന് വ്യക്തമാക്കിയാണ് മേയർ അഡ്വ.എം.അനിൽ കുമാർ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എന്റെ മനസ്സിനെ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളിൽ ഒരാളാണ് ശ്രീ ജയസൂര്യ. മേയറായി ചുമതലയെടുത്തതിന് ശേഷം, അദ്ദേഹം വിളിക്കുകയുണ്ടായി. മേയറെ അങ്ങോട്ട് വന്നു കാണണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഒട്ടേറെ ആരാധകരുള്ള ഒരു വലിയ സിനിമാ താരത്തെ, കലാകാരനെ നഗരസഭാ ഓഫീസിലേക്ക് വിളിക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഞാൻ അദ്ദേഹത്തോട് അങ്ങോട്ടു ചെന്ന് കാണാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് കണ്ടതെന്നും മേയർ പറയുന്നു.

എന്തിനാണദ്ദേഹം എന്നെ വിളിച്ചത് എന്ന് സംഭാഷണം തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത്. കൊച്ചി നഗരത്തിന്റെ ഭാവിയെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. 3 പ്രധാനപ്പെട്ട കാര്യങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. ഒന്ന്. എന്റെ മനസ്സിലുണ്ടായിരുന്ന, നമുക്ക് എല്ലാവര്‍ക്കും ആഗ്രഹമുള്ള ആശയമാണ്. അത് നഗരത്തെ വൃത്തിയുള്ളതാക്കാനും, നഗരത്തില്‍ പ്രധാനപ്പെട്ട തെരുവുകള്‍ എങ്കിലും തിരഞ്ഞെടുത്ത് ചെടികളും പൂക്കളും കൊണ്ട് ഹരിതാഭമാക്കുവാനും ആയിരുന്നു. രണ്ടാമത്തെ നിര്‍ദ്ദേശവും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു, അത് നിരാലംബരായ മനുഷ്യര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുന്നതിനെ പറ്റിയുള്ള ഒരാശയമായിരുന്നു. വിദേശ രാജ്യങ്ങളില്‍ പലയിടത്തും അങ്ങനെയുണ്ട് എന്നു ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞത്, ഉപയോഗിച്ചതും എന്നാല്‍ നല്ലതുമായ വസ്ത്രങ്ങള്‍ കൊണ്ടുവന്നിടാന്‍ നഗരസഭ സൗകര്യമൊരുക്കണം എന്നാണ്. മൂന്നാമത്തെ നിര്‍ദ്ദേശവും എന്നെ സ്വാധീനിക്കുന്നത് തന്നെയാണ്. അത് നഗരങ്ങളിലെ തെരുവുകളില്‍ കലാകാരന്‍മാര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം കൊടുക്കണം എന്നായിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് നിര്‍ദ്ദേശങ്ങളും ഞാന്‍ അവിടെ വച്ച്‌ തന്നെ മനസ്സുകൊണ്ട് സ്വീകരിച്ചു. ഇതെല്ലാം തന്നെ നമുക്ക് പ്രായോഗികമാക്കാന്‍ കഴിയണം.

Advertisement

അദ്ദേഹത്തിന്റെ ഭാര്യയാണ് ആ സൂര്യ തേജസ്സിനു പിന്നിലെ കാരണക്കാരി എന്നും നിമിഷങ്ങള്‍ കൊണ്ട് എനിക്ക് മനസ്സിലായി. പ്രിയപ്പെട്ട ശ്രീ ജയസൂര്യ. നിങ്ങളെ ഞാന്‍ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ഇത്രയും സ്നേഹപൂര്‍വ്വം പെരുമാറുന്ന സിനിമാ നടന്‍മാര്‍ ഉണ്ടോ എന്ന ചോദ്യം ഉയര്‍ത്താന്‍ താങ്കളുമായുള്ള കൂടി കാഴ്ച്ചയുടെ അനുഭവം കാരണമായി. ഞാനും എന്റെ നഗരവും താങ്കളോട് എന്നും കടപ്പെട്ടിരിക്കുന്നു. ഞങ്ങളെ കുറിച്ച്‌ ചിന്തിച്ചതിനും, അതിനേക്കാള്‍ ഉപരിയായി പാവപ്പെട്ട മനുഷ്യരെ കുറിച്ച്‌ ചിന്തിച്ചതിനും അങ്ങയെ ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിക്കോട്ടെ. ആയിരം പൂര്‍ണ്ണ ചന്ദ്രന്‍മാരുടെ അനുഗ്രഹം അദ്ദേഹത്തെ തേടിയെത്തട്ടെ. നമുക്കിനിയും അദ്ദേഹത്തെ പോലൊരു പ്രതിഭാധനനില്‍ നിന്നും നമ്മള്‍ കാത്തിരിക്കുന്ന ഒരു പാട് കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നും മേയർ ഫേസ്ബുക്കിൽ കുറിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close