കെജിഎഫ് സീരീസിന് ശേഷം പുതിയ ചിത്രവുമായി റോക്കിങ് സ്റ്റാർ യാഷ്; ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ മലയാളി.

Advertisement

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ്, കെജിഎഫ് 2 എന്നീ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ കന്നഡ സൂപ്പർ താരമാണ് റോക്കിങ് സ്റ്റാർ എന്നറിയപ്പെടുന്ന യാഷ്. ആയിരം കോടി ക്ലബിൽ ഇടം പിടിച്ച കെ ജി എഫ് സീരീസിന് ശേഷം യാഷ് ചെയ്യാൻ പോകുന്ന ചിത്രമേതെന്നറിയാനുള്ള ആകാംഷയിലാണിപ്പോൾ സിനിമാ പ്രേമികൾ. കെജിഎഫിന് ശേഷം അതിൽ നിന്നെല്ലാം വ്യത്യസ്തമായ തരത്തിലുള്ള ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹവുമായി ഒട്ടേറെ കഥകളാണ് കഴിഞ്ഞ രണ്ട് വർഷമായി യാഷ് കേട്ടത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, തന്റെ അടുത്ത ചിത്രമേതെന്നും യാഷ് തീരുമാനിച്ചു കഴിഞ്ഞു. കലാമൂല്യമുള്ള മികച്ച ചിത്രങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയ മലയാളി സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലാണ് യാഷ് ഇനിയഭിനയിക്കുക.

യാഷ്- ഗീതു മോഹൻദാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം ഈ ഡിസംബറിൽ ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. തന്റെ പത്തൊൻപതാം ചിത്രമായ ഗീതു മോഹൻദാസ് ചിത്രത്തിന്റെ തിരക്കഥാ വായനക്കൊപ്പം തന്നെ ഈ ചിത്രത്തിന്റെ എല്ലാ പ്രീ പ്രൊഡക്ഷൻ ജോലികളിലും വളരെയധികം ശ്രദ്ധയാണ് യാഷ് ചെലുത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് കൂടാതെ നിതേഷ് തിവാരി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ബോളിവുഡ് ചിത്രമായ രാമായണത്തിൽ രാവണനായി അഭിനയിക്കാനും യാഷിനെ സമീപിച്ചിട്ടുണ്ട്. രൺബീർ കപൂർ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ കാര്യത്തിലും യാഷ് വൈകാതെ തീരുമാനമെടുക്കുമെന്നാണ് സൂചന. യാഷ്- ഗീതു മോഹൻദാസ് ചിത്രത്തിൽ വില്ലനായി മലയാളി താരം ടോവിനോ തോമസും നായികയായി മലയാളി താരം സംയുക്ത മേനോനും എത്തുമെന്ന് സ്ഥിരീകരണമില്ലാത്ത വാർത്തകൾ നേരത്തെ വന്നിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close