കെജിഎഫ് മലയാളം പൃഥ്വിയുടെ വിഷന്‍, ഒന്നര വര്‍ഷം; 80ലേറെ താരങ്ങള്‍: ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു

Advertisement

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത യഷ് നായകനാവുന്ന കെജിഎഫ് 2 ഏപ്രില്‍ 14നാണ് തിയേറ്ററിൽ എത്തുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് നിര്‍വ്വഹിക്കുന്നത്. ഇപ്പോഴിതാ കെജിഎഫ് 2 മലയാളം ഡബ്ബിങ്ങിന് പിന്നില്‍ പ്രവര്‍ത്തിച്ച, സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണൻ ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ഒന്നര വര്‍ഷം കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് ഡബ്ബിങ്ങ് പൂര്‍ത്തിയാക്കിയത് എന്നും മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നതെന്നും ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു. താൻ കെജിഎഫ് 2-ന്റെ ഡിറ്റിഎസ് വേര്‍ഷന്‍ കാണാന്‍ പോയത് മാംഗ്ലൂരില്‍ നിന്നു രണ്ട് മണിക്കൂര്‍ യാത്ര ചെയ്ത് ബസ്രൂര്‍ എന്നൊരു ഗ്രാമത്തില്‍ ഒരു സ്റ്റുഡിയോയിലാണ് എന്നും ഈ സിനിമയുടെ സൗണ്ട് വര്‍ക്കിനായി പണിത സ്റ്റുഡിയോ ആണത് എന്നും ശങ്കർ രാമകൃഷ്ണൻ പറയുന്നു. ഒന്നര വര്‍ഷത്തിനിടയില്‍ ഏകദേശം 85-ഓളം ആര്‍ട്ടിസ്റ്റുകളാണ് ഈ ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.

Advertisement

ഇതിന്റെ മലയാളം വേർഷനു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്ന മിക്ക ആളുകളും മലയാള സിനിമയിലെ വളരെ പ്രമുഖരായ നടീനടന്‍മാരാണ് എന്നു പറഞ്ഞ ശങ്കർ രാമകൃഷ്ണൻ, സ്പോയിലർ ആവാതിരിക്കാൻ അതാരാണ് എന്ന് താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും പറഞ്ഞു. ഇത് യഥാര്‍ത്ഥത്തില്‍ മലയാള സിനിമ കന്നട സിനിമ മേഖലയ്ക്ക് കൊടുക്കുന്ന ഒരു ബഹുമാനം കൂടിയാണെന്ന് താൻ ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് പറഞ്ഞിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെജിഎഫ് എന്ന ഫ്രാഞ്ചൈസിനോട് മലയാളം സിനിമയ്ക്കുള്ള ഒരു ബഹുമാനത്തെയും സ്നേഹത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത് എന്നും താന്‍ അതിന്റെ ഒരു ഭാഗമായി എന്നേയുള്ളു എന്നും ശങ്കർ രാമകൃഷ്ണൻ പറയുന്നുണ്ട്.80-നും 100-നും ഇടയില്‍ കഥാപാത്രങ്ങള്‍ ഉള്ള ഈ ചിത്രത്തിന്റെ ഡബ്ബിങ്ങിൽ എല്ലാ തരത്തിലുള്ള ആളുകളും ഭാഗമായിട്ടുണ്ട് എന്നും, ഇതിനായി ഓഡിഷനും ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close