ആഗോള ബോക്സ് ഓഫീസ് കളക്ഷനായി ആയിരം കോടി കടന്ന ഇന്ത്യൻ ചിത്രങ്ങൾ വെറും നാലെണ്ണം മാത്രമേയുള്ളു. അതിലൊന്നാണ് ഇപ്പോൾ പ്രശാന്ത് നീൽ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ കന്നഡ ആക്ഷൻ ചിത്രമായ കെ ജി എഫ് 2. ഇതിനോടകം 1200 കോടിക്ക് മുകളിൽ കളക്ഷൻ നേടി ഈ ചിത്രം കുതിപ്പ് തുടരുകയാണ്. അതിൽ ആയിരം കോടിയും ഇന്ത്യയിൽ നിന്ന് മാത്രം നേടിയതാണെന്നതാണ് അതിന്റെ സവിശേഷത. പ്രമുഖ എന്റർടെയിൻമെന്റ് ഇൻഡസ്ട്രി ട്രാക്കർമാർ ഇക്കാര്യം സ്ഥിരീകരിച്ച് ഡാറ്റ പുറത്തുവിട്ടിട്ടുണ്ട്. വാടകയ്ക്ക് കാണാൻ സാധിക്കുന്ന സംവിധാനമായ പേ പെർ വ്യൂ രീതിയിൽ കെ.ജി.എഫ് 2 ആമസോൺ പ്രൈമിൽ ഇതിനോടകം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. അല്ലാതെ എല്ലാവര്ക്കും, എത്ര പ്രാവശ്യം വേണമെങ്കിലും കാണാവുന്ന രീതിയിലുള്ള സ്ട്രീമിങ്ങും ഉടനെ ആരംഭിക്കുമെന്നാണ് സൂചന.
ഏപ്രിൽ പതിനാലിന് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ നാല് ഭാഷാ വേർഷനുകൾ നൂറു കോടി ഗ്രോസ് നേടി ചരിത്രം കുറിച്ചിരുന്നു. മലയാളമൊഴികെയുള്ള ഭാഷകളിലാണ് ഈ ചിത്രം നൂറു കോടി നേടി ചരിത്രം സൃഷ്ടിച്ചത്. ഇതിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് മാത്രം നാനൂറു കോടിക്ക് മുകളിലാണ് നേടിയെടുത്തത്. കേരളത്തിൽ നിന്ന് ഈ ചിത്രം നേടിയത് അറുപതു കോടിക്ക് മുകളിലാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഇതിനു മുൻപ് ആയിരം കോടി ഗ്രോസ് നേടിയ ചിത്രങ്ങൾ ആമിർ ഖാൻ നായകനായ ദങ്കൽ, എസ് എസ് രാജമൗലിയൊരുക്കിയ ബാഹുബലി 2 , ആർ ആർ ആർ എന്നിവയാണ്. ഇതിൽ ദങ്കൽ രണ്ടായിരം കോടിക്ക് മുകളിൽ നേടിയപ്പോൾ, ബാഹുബലി 2 നേടിയത് 1700 കോടിക്ക് മുകളിലാണ്. ആർ ആർ ആർ എന്ന ചിത്രവും 1200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. റോക്കിങ് സ്റ്റാർ യാഷ് നായകനായ കെ ജി എഫിൽ നായികയായി എത്തിയത് ശ്രീനിഥി ഷെട്ടിയാണ്.