അന്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിന് നടത്തിയ ഗംഭീര പ്രകടനത്തിനാണ് കനി കുസൃതി അവാർഡിന് അർഹയായതു. സജിൻ ബാബു സംവിധാനം ചെയ്ത ഈ ചിത്രത്തിന് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും പുരസ്‍കാരങ്ങൾ ലഭിച്ചിരുന്നു. അസ്തമയം വരെ, അയാൾ ശശി എന്നിവയായിരുന്നു സജിൻ ബാബുവിന്റെ മുൻകാല ചിത്രങ്ങൾ. ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് കനി കുസൃതി. 2003 ഇൽ അന്യർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കനി കുസൃതി, തമിഴ്, ഹിന്ദി, മറാത്തി, ഇംഗ്ലീഷ് ഭാഷകളിൽ ഉള്ള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലൂടെ മികച്ച നടൻ ആയി മാറിയപ്പോൾ ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനും അതുപോലെ മൂത്തോനിലെ ഗംഭീര പ്രകടനത്തിലൂടെ നിവിൻ പോളി പ്രത്യേക ജൂറി അവാർഡും നേടി.
അന്നാ ബെൻ ഹെലൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സ്പെഷ്യൽ ജൂറി അവാർഡ് നേടിയപ്പോൾ വാസന്തി എന്ന ചിത്രത്തിലൂടെ സ്വാസിക മികച്ച സ്വഭാവ നടിയായി മാറി. ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ ആയി മാറിയപ്പോൾ മികച്ച ചിത്രമായി മാറിയത് വാസന്തി ആണ്. നൂറ്റിപത്തൊന്പതു ചിത്രങ്ങൾ മത്സരിച്ച ഇത്തവണത്തെ അവാർഡിൽ അവസാന ഘട്ടത്തിൽ എത്തിയത് ഇരുപതിന് മുകളിൽ ചിത്രങ്ങൾ ആണ്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആയിരുന്നു ഇത്തവണത്തെ അവാർഡ് ജൂറിയുടെ ചെയർമാൻ. മന്ത്രി എ കെ ബാലൻ ആണ് ഇന്ന് പന്ത്രണ്ടു മണി കഴിഞ്ഞു അവാർഡുകൾ പ്രഖ്യാപിച്ചത്.