സിനിമ കാണാതെ അഭിപ്രായം പറയുന്നത് ഒരു ട്രെൻഡ് ആയിരിക്കുന്നു: ഹെെക്കോടതി..!

Advertisement

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന ചിത്രത്തിലെ ഭാഷ ഉണ്ടാക്കിയ വിവാദങ്ങൾ ഇപ്പോഴും അവസാനിക്കുന്നില്ല. ഇതിലെ ഭാഷ മോശമാണ് എന്നുള്ള വിവാദം കോടതിയിൽ വരെയെത്തിയ സാഹചര്യത്തിൽ, കോടതിയുടെ നിരീക്ഷണങ്ങൾ ഏറെ പ്രധാനമാണ്. കേരളാ പോലീസും കോടതിയും സിനിമയ്ക്കു അനുകൂലമായ രീതിയിൽ ഉള്ള പരാമർശങ്ങളും നിരീക്ഷണങ്ങളുമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. ചുരുളി എന്ന ചിത്രത്തിലെ ഭാഷയെ വിമർശിക്കുന്നവരിൽ 90 ശതമാനവും ആളുകളും സിനിമ കണ്ടിരിക്കാൻ ഇടയില്ലെന്ന് ആണ് ഹൈക്കോടതി പറയുന്നത്. ഈ സിനിമയിൽ പ്രഥമദൃഷ്ട്യാ നിയമലംഘനം ഒന്നും തന്നെ നടന്നിട്ടില്ലെന്നും ഇപ്പോൾ ഈ സിനിമയ്ക്കെതിരേ നൽകിയ ഹർജി പ്രശസ്തിയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നും കോടതി പറഞ്ഞു. സിനിമ കണ്ടു വിമർശിക്കുന്നതാണെങ്കിൽ മനസ്സിലാക്കാമെന്നും, അല്ലാതെയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ശരിയല്ല എന്നുമാണ് ഹൈക്കോടതി അഭിപ്രായപ്പെടുന്നത്.

ചുരുളി ഭാഷ എന്നൊരു പ്രയോഗം തന്നെ ഇപ്പോൾ ഉണ്ടായിട്ടുണ്ട് എന്നതും കോടതി ചൂണ്ടി കാണിക്കുന്നു. കോടതി നിയോഗിച്ച പ്രത്യേക പൊലീസ് സംഘം നേരത്തെ തന്നെ ഈ ചിത്രം കാണുകയും അതിനു ശേഷം ചിത്രത്തിന് ക്ലീൻചിറ്റ് നൽകുകയും ചെയ്തിരുന്നു. സിനിമയുടെ പ്രദർശനത്തിന് മുമ്പ് തന്നെ അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് വേണ്ട മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് എന്നും സിനിമയിലെ ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ചേരുന്നതാണ് എന്നും കോടതി കൂട്ടിച്ചേർത്തു. ഈ ചിത്രം ഒറ്റിറ്റി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത് കൊണ്ട് തന്നെ അതിനെ പൊതു ഇടം ആയി കണക്കാക്കാൻ കഴിയില്ല എന്നും കോടതി പറയുന്നു. ഭാഷകളിലോ, ദൃശ്യങ്ങളിലോ നിയമലംഘനം ഇല്ലാത്ത ഈ ചിത്രം, ഭരണഘടന നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടുമില്ല എന്നും ഇതൊരു സാങ്കല്പിക സ്ഥലത്തെ സങ്കലപിക കഥ മാത്രമാണ് പറയുന്നത് എന്നും കോടതി കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close