
ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു മികച്ച നടനായി ഫഹദ് ഫാസിലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫഹദ് ഫാസിലിനെ മികച്ച നടനായി തിരഞ്ഞെടുത്തിരിക്കുന്നത്. മികച്ച നടിയായി മഞ്ജുവാര്യരേയും തിരഞ്ഞെടുത്തിരിക്കുന്നു. ഭയാനകം എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ ജയരാജാണ് ഫിലിം ക്രിട്ടിക്സ് മികച്ച സംവിധായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. ആഖ്യാന മികവിൽ വ്യത്യസ്തത പുലർത്തിയ ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രമായി മാറിയത്. മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തിരിക്കുന്നത് ടോവിനോ തോമസിനെയാണ് രണ്ടാമത്തെ നടിയായി തിരഞ്ഞെടുത്തത് ഐശ്വര്യലക്ഷ്മിയേയും മായാ നദിയിലെ പ്രകടനമാണ് ഇരുവരെയും അവാർഡിനർഹരാക്കിയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സജീവ് പാഴൂരാണ് മികച്ച രചയിതാവായി തിരഞ്ഞെടുത്തിരിക്കുന്നത്.
ആളൊരുക്കം എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ഇന്ദ്രൻസ് ഫിലിം ക്രിട്ടിക്സ് ജൂബിലി പുരസ്കാരം നേടി. സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്നം നേടിയിരിക്കുന്നത് സംഗീത സംവിധായകൻ അർജ്ജുനൻ മാഷാണ്. ചലച്ചിത്ര പ്രതിഭാ പുരസ്കാരം സംവിധായകനായ ബാലു കിരിയത്തിനും ദേവനുമാണ്. ഷൈൻ നിഗം, നിമിഷ സജയൻ ശ്രീകാന്ത് മേനോൻ തുടങ്ങിയവർ തങ്ങളുടെ പ്രകടനത്തിലൂടെ നവാഗത പ്രതിഭകൾക്കുള്ള അവാർഡ് കരസ്ഥമാക്കി. ദിലീപ് നായകനായ അരുൺ ഗോപി ചിത്രം രാമലീലയാണ് ജനപ്രിയ ചിത്രമായിമാറിയത്. ഫോർ മ്യൂസിക് ആണ് മികച്ച സംഗീത സംവിധാനത്തിനുള്ള അവാർഡ് നേടിയിരിക്കുന്നത്. മികച്ച ഗായകനായി തിരഞ്ഞെടുത്തിരിക്കുന്നത് കല്ലറ ഗോപനെയാണ്. ജോത്സനയാണ് മികച്ച ഗായിക. ദേശീയ അവാർഡ് ജേതാവ് നിഖിൽ എസ്. പ്രവീണ് ഭയാനകത്തിലൂടെ ഫിലിം ക്രിട്ടിക്സിന്റെ മികച്ച ഛായാഗ്രഹനായി മാറി. തന്റെ എഡിറ്റിംഗ് മികവിലൂടെ അയൂബ് ഖാൻ മികച്ച ചിത്രസംയോജകനുള്ള അവാർഡിന് അർഹനായി.