കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്നു മാസത്തോളമായി പൂർണ്ണമായും നിശ്ചലമായി കിടക്കുകയായിരുന്നു ഇന്ത്യൻ സിനിമ. ഇപ്പോൾ പതുക്കെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികളും അതുപോലെ ലോക്ക് ഡൗണിനു മുൻപ് ചിത്രീകരണം പാതി വഴിയിൽ നിലച്ച ചിത്രങ്ങളുടെ ജോലികളും സർക്കാർ മാർഗ നിർദേശമനുസരിച്ചു പല ഇന്ഡസ്ട്രികളിലും ആരംഭിച്ചു തുടങ്ങി. മലയാള സിനിമയിലെ പ്രതിസന്ധി രൂക്ഷമായത് കൊണ്ട് തന്നെ, പുതിയ ചിത്രങ്ങൾ ഈ സമയത്തു ആരംഭിക്കരുത് എന്നും, നേരത്തെ നിലച്ചു പോയ ചിത്രങ്ങൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ഈ സമയത്തു പുതിയ ചിത്രങ്ങൾ ആരംഭിക്കാവു എന്നും നിർമ്മാതാക്കളുടെ സംഘടന നിലപാട് എടുത്തിരുന്നു. എന്നാൽ അതിനെതിരെ രംഗത്ത് വന്നത് മലയാളത്തിലെ ചില പ്രമുഖ സംവിധായകരാണ്. ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, ഖാലിദ് റഹ്മാൻ എന്നിവർ തങ്ങളുടെ പുതിയ ചിത്രങ്ങളുടെ ജോലി ആരംഭിച്ചു കഴിഞ്ഞു. അവരെ തടയില്ല എന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും പറഞ്ഞതോടെ തങ്ങളുടെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് നിർമ്മാതാക്കളുടെ സംഘടന.
ഇപ്പോൾ നിർമ്മാതാക്കൾക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത് കേരളാ ഫിലിം ചേംബറും, തിയേറ്റര്‍ ഉടമ സംഘടനകളായ ഫിയോകും കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷനുമാണ്. ടൈറ്റില്‍ രജിസ്റ്റര്‍ചെയ്യാതെ പുതിയ സിനിമകളുടെ നിര്‍മാണം സാധ്യമാകില്ലെന്ന് കേരളാ ഫിലിം ചേംബർ വ്യക്തമാക്കിക്കഴിഞ്ഞു. ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ചെയ്യാതെ ചിത്രീകരണവുമായി മുന്നോട്ടുപോകുന്നവര്‍ക്ക് നിലവിലെ വാണിജ്യപരിഗണനയും പരിരക്ഷയും ആവശ്യമില്ലാത്തവരാകാമെന്നാണ് ഫിലിം ചേംബർ പ്രസിഡന്റ് കെ. വിജയകുമാര്‍ പറയുന്നത്. നിര്‍മാതാക്കളും വിതരണക്കാരും കൂട്ടായി എടുക്കുന്ന തീരുമാനങ്ങളോടു പൂർണമായും സഹകരിക്കുമെന്ന് ഫിയോക് ജനറല്‍സെക്രട്ടറി എം.സി. ബോബിയും കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി വിശ്വനാഥും അറിയിച്ചിട്ടുണ്ട്. ഒട്ടേറെ ചിത്രങ്ങൾ റിലീസിന് തയ്യാറാണെങ്കിലും തീയേറ്ററുകൾ എന്ന് തുറക്കുമെന്നുറപ്പില്ലാത്തതിനാൽ റിലീസ് പ്ലാനുകളും താളം തെറ്റിയിരിക്കുകയാണ്.