ജിമ്മിക്കി കമ്മൽ സോങ് കേരളം കൊണ്ടാടുന്നു; ചരിത്രം സൃഷ്ടിക്കുന്നു വെളിപാടിന്റെ പുസ്തകത്തിലെ പാട്ട്..!

Advertisement

ഇപ്പോൾ കേരളക്കരയാകെ ജിമ്മിക്കി തരംഗത്തിൽ മുങ്ങിയിരിക്കുകയാണ് . കേരളം എന്ന് മാത്രമല്ല മലയാള സിനിമാ പ്രേമികൾ ഉള്ളിടത്തൊക്കെ ഇപ്പോൾ ജിമ്മിക്കി കമ്മൽ എന്ന പാട്ടാണ് ഉച്ചത്തിൽ മുഴങ്ങുന്നത്. ജിമ്മിക്കി കമ്മലിനൊപ്പം ചുവടു വെക്കുന്ന കുട്ടികളും മുതിർന്നവരും പ്രവാസികളും എല്ലാം ആഘോഷിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഒന്നിന് പിറകെ ഒന്നായി വൈറൽ ആകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

വെളിപാടിന്റെ പുസ്തകമെന്ന മോഹൻലാൽ- ലാൽ ജോസ് ചിത്രത്തിന് വേണ്ടി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ഒരുക്കി വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്ന് ആലപിച്ച എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്ന് തുടങ്ങുന്ന അടിപൊളി ഗാനം മലയാള സിനിമയുടെ ചരിത്രത്തിൽ പ്രേക്ഷകരുടെ ഇടയിൽ വമ്പൻ ഓളം തീർത്ത ഗാനങ്ങളിൽ തന്നെ ഒന്നായി മാറി കഴിഞ്ഞു.

Advertisement

റെക്കോർഡ് വേഗത്തിൽ യൂട്യൂബിൽ 30 ലക്ഷം വ്യൂവേഴ്‌സിനെ നേടിയ ഈ ഗാനം ഇപ്പോഴും വമ്പൻ പ്രതികാരമാണ് സോഷ്യൽ മീഡിയയിലും മറ്റും നേടുന്നത്.

ഈ ഗാനത്തിന് ലഭിച്ച വമ്പൻ സ്വീകരണം കണ്ടു വെളിപാടിന്റെ പുസ്തകം ടീം ഒരുക്കിയത് ജിമ്മിക്കി കമ്മൽ ഡാൻസ് ചലഞ്ച് ആണ്. ഈ ഗാനത്തിന് ലഭിച്ച അത്യപൂർവമായ പ്രതികരണം ഈ മത്സരത്തെയും വമ്പൻ ഹിറ്റാക്കി മാറ്റി. മാത്രമല്ല ഇപ്പോൾ മലയാളികൾ കൂടുന്നിടത്തൊക്കെ ഈ ഗാനവും ഒരു ഭാഗമായി മാറുകയാണ്.

ഓണാഘോഷം മുതൽ ഏതു ആഘോഷത്തിനും മലയാളികൾ ഇന്ന് ചുവടു വെക്കുന്നത് ജിമ്മിക്കി കമ്മലിന്റെ താളത്തിനൊത്താണ്. എന്നും മലയാളികൾ ഏറ്റവും അധികം ആഘോഷിച്ചിട്ടുള്ളത് മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ ആണ്. അവർ ഏറ്റവും കൂടുതൽ ചുവടു വെക്കുന്നത് മോഹൻലാൽ ചിത്രങ്ങളിലെ തട്ടു പൊളിപ്പൻ ഗാനങ്ങൾക്ക് വേണ്ടി തന്നെ.

നരസിംഹത്തിലെ പഴനിമല മുരുകന് എന്ന ഗാനം മുതൽ രാവണപ്രഭുവിലെ സഡക് സഡക്ക്, നരനിലെ വേൽമുരുക ഹരോ ഹര തുടങ്ങി ഇങ്ങോട്ടു ഒരു പിടി മോഹൻലാൽ ഗാനങ്ങൾക്ക് ഒപ്പമാണ് മലയാളികൾ മതി മറന്നു ആഘോഷിച്ചിട്ടുള്ളതും ചുവടു വെച്ചിട്ടുള്ളതും. ഇപ്പോൾ ആ ലിസ്റ്റിലേക്ക് ഈ ജിമ്മിക്കി കമ്മലും വന്നു ചേർന്നിരിക്കുകയാണ്.

കഴിഞ്ഞ വര്ഷം പുലി മുരുകൻ തീം സോങ് സൃഷ്ട്ടിച്ച തരംഗം ഇത് വരെ മലയാളികളുടെ ഇടയിൽ നിന്ന് മാഞ്ഞിട്ടില്ല . അതിനിടയിലാണ് മറ്റൊരു മോഹൻലാൽ ചിത്രത്തിലെ ഗാനം കൂടി കേരളം കീഴടക്കുന്നത്.

ഷാൻ റഹ്മാൻ ആണ് ഈ ഗാനം നമ്മുക്കായി സമ്മാനിച്ചത്. പ്രേക്ഷകരുടെ മനസറിഞ്ഞു സംഗീതമൊരുക്കുന്ന ഷാൻ റഹ്മാൻ ഒരുക്കിയിട്ടുള്ളതിൽ ഏറിയ പങ്കും സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആണ്. അതുപോലെ പാട്ടുകൾ ഏറ്റവും മനോഹമാരായി ദൃശ്യവത്കരിക്കുന്ന ഒരു സംവിധായകനാണ് ലാൽ ജോസ്.

ഇവർ രണ്ടു പേരും ആദ്യമായി ഒന്നിച്ചതും ഈ ചിത്രത്തിന് വേണ്ടിയാണു. മോഹൻലാൽ ഒരേ ഒരു രംഗത്തിൽ മാത്രമാണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത് എങ്കിലും ആ ഒറ്റ പേര് മലയാളികൾക്കിടയിൽ ഉണ്ടാക്കുന്ന സ്വാധീനമാണ് ഈ ഗാനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പിന്റെ ഒരു കാരണം.

ഷാൻ റഹ്മാൻ- മോഹൻലാൽ- ലാൽ ജോസ് എന്നീ മൂന്നു പേരോടൊപ്പം അപ്പാനി രവി അഥവാ ശരത് കുമാർ ഈ ഗാനത്തിൽ നടത്തിയ സൂപ്പർ ഡാൻസ് പ്രകടനവും പാട്ടിനെ ശ്രദ്ധേയമാക്കി. ഒരുപക്ഷെ ഷാൻ റഹ്മാന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ഹിറ്റ് എന്ന് ഈ പാട്ടിനെ വിശേഷിപ്പിക്കാം.

ചുരുക്കി പറഞ്ഞാൽ ഇന്ന് കേരളം ജിമ്മിക്കി കമ്മലണിഞ്ഞു നൃത്തമാടുകയാണ്. ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും മുതിർന്നവരും എല്ലാം ഹൃദയം കൊണ്ട് സ്വീകരിച്ചു മതിമറന്നാടുകയാണ് ജിമ്മിക്കി കമ്മലിന്റെ താളത്തിനൊപ്പം. നാളെ വെളിപാടിന്റെ പുസ്തകം കേരളത്തിൽ ഇരുനൂറിലേറെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമ്പോൾ ഈ ഗാനം തീയേറ്ററുകളിൽ പൂരം സൃഷ്ടിക്കുമെന്നുറപ്പ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close