യുവ താരം നിവിൻ പോളി അടുത്തതായി അഭിനയിക്കാൻ പോകുന്ന ബിഗ് ബജറ്റ് ചിത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യാൻ പോകുന്ന കായംകുളം കൊച്ചുണ്ണി. ബോബി- സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഈ ചിത്രം ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കായംകുളം കൊച്ചുണ്ണി എന്ന കള്ളന്റെ ഐതിഹ്യത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വരുന്ന സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുകയാണ്.
എറണാകുളം, ശ്രീലങ്ക, ഉഡുപ്പി എന്നിവടങ്ങളിലായാവും ഈ ചിത്രം പൂർത്തിയാവുക. അടുത്ത വർഷം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാൻ പാകത്തിനാണ് ഈ ചിത്രം പ്ലാൻ ചെയ്യുന്നത്. ഇപ്പോൾ കായംകുളം കൊച്ചുണ്ണിക്ക് വേണ്ടിയുള്ള കാസ്റ്റിംഗ് കാൾ പുറത്തു വന്നിരിക്കുകയാണ്.
അഞ്ചു വയസിനും നാൽപ്പതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകളെയും പുരുഷന്മാരെയുമാണ് ചിത്രത്തിലഭിനയിക്കാൻ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവർ ഫുൾ സൈസ് ഫോട്ടോയും ബയോഡാറ്റയും സഹിതം ഇമെയിൽ അയക്കാനാണ് കാസ്റ്റിംഗ് കാൾ ചെയ്തു കൊണ്ട് സംവിധായകൻ റോഷൻ ആൻഡ്രൂസ്, നടൻ നിവിൻ പോളി എന്നിവർ പറഞ്ഞിരിക്കുന്നത്.ജൂലൈ 31 നു മുൻപ് തന്നെ താല്പര്യമുള്ളവർ മെയിൽ അയക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്.
ഒരു മുദ്രപത്രത്തിന്റെ ഡിസൈൻ ഉപയോഗിച്ചാണ് കാസ്റ്റിംഗ് കാൾ ചെയ്തിരിക്കുന്നതെന്നത് വളരെ കൗതുകകരമായ വസ്തുതയാണ്.
അമല പോൾ മിലി എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയുടെ ഒപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അച്ചായൻസ് എന്ന ചിത്രത്തിലാണ് അമലയെ നമ്മൾ ഈ വർഷം മലയാളത്തിൽ കണ്ടതു.
റോഷൻ ആൻഡ്രൂസ് സ്കൂൾ ബസ് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന് ശേഷം വളരെക്കാലമായി കായംകുളം കൊച്ചുണ്ണിയുടെ പണിപ്പുരയിലായിരുന്നു. ഗോപി സുന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാൻ ബോളിവുഡിൽ നിന്നാണ്. ഈ ചിത്രത്തിന് വേണ്ടി നിവിൻ പോളി കളരി പയറ്റ് പഠിക്കുന്നുവെന്നു വാർത്തകൾ വന്നിരുന്നു.