
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണി ഈ വരുന്ന ഒക്ടോബർ പതിനൊന്നിന് റിലീസ് ചെയ്യും. നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം കേരളം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. നിവിൻ പോളി കൊച്ചുണ്ണി ആയി ഈ ചിത്രത്തിൽ എത്തുമ്പോൾ ഇത്തിക്കര പക്കി എന്ന അതിഥി വേഷത്തിൽ മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലും എത്തുന്നുണ്ട്. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ പ്രിയ ആനന്ദ് ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. എല്ലാവർക്കും അറിയാവുന്നതാണ് കൊച്ചുണ്ണിയുടെ ജീവിത കഥ എങ്കിലും കായംകുളം കൊച്ചുണ്ണിയിൽ ഒരു രഹസ്യം ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു., ഇപ്പോഴിതാ ആ രഹസ്യം ചോർന്നു എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്.
സംവിധായകനായ റോഷൻ ആൻഡ്രൂസും മോഹൻലാലും തമ്മിലുള്ള സംഭാഷണം വാട്ട്സാപ്പിലൂടെ ചോർന്നതോടെയാണ് ആ രഹസ്യം പുറത്തു വന്നത്. ചിത്രത്തിന്റെ ഡബ്ബിങ്ങ് സ്റ്റുഡിയോയിൽ നിന്നുള്ള സംഭാഷണമാണ് പുറത്തായതെന്നാണ് അണിയറപ്രവർത്തകരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. കായംകുളം കൊച്ചുണ്ണിയുടെ പേരിൽ പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി അടുത്തുള്ള ഏടപ്പാറയിൽ ഒരു അമ്പലം ഉള്ള കാര്യമാണ് റോഷൻ ആൻഡ്രൂസ് മോഹൻലാലിനോട് വിശദീകരിക്കുന്നത്. ഏടപ്പാറ മലദേവർ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് കൊച്ചുണ്ണിയാണ്. “പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ഗ്രാമത്തിൽ ഏടപ്പാറ മലദേവർ നട ക്ഷേത്രത്തില്‍ ഈ മുസൽമാൻ ഇന്നും കുടികൊള്ളുന്നു. പാവപ്പെട്ടവന്റെ കണ്ണീർ ഒപ്പുന്ന, ജാതിക്കും മതത്തിനും അതീതമായി ദൈവസങ്കൽപമായി കായംകുളം കൊച്ചുണ്ണി” എന്നതാണ് ഓഡിയോ ക്ലിപ്പിലൂടെ പ്രചരിച്ച മോഹൻലാലിന്റെ വാക്കുകൾ.