കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും കൂടെ കേരളത്തിലെ തീയേറ്ററുകൾ ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ കഴിയുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ചിത്രം വമ്പൻ പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും നേടിയെടുത്തു കൊണ്ട് ബോക്സ് ഓഫീസിൽ വമ്പൻ വിജയത്തിലേക്കാണ് ഇപ്പോൾ കുതിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം കേരളത്തിലെ തീയേറ്ററുകൾ വീണ്ടും ജനസാഗരമാകുന്ന കാഴ്ചക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഒരുപക്ഷെ മോഹൻലാൽ ചിത്രം പുലിമുരുകനും ബാഹുബലി 2 നും ശേഷം ഇത്രമാത്രം ജനങ്ങളെ ആദ്യ ദിവസങ്ങളിൽ തീയേറ്ററുകളിൽ എത്തിച്ച ചിത്രം കായംകുളം കൊച്ചുണ്ണി ആണെന്ന് പറയാം നമ്മുക്ക്. കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള തീയേറ്ററുകളിൽ എക്സ്ട്രാ ഷോകളും സ്പെഷ്യൽ ഷോകളും കൂട്ടി ചേർക്കുകയാണ്.
യുവാക്കളും സ്ത്രീകളും കുട്ടികളും കുടുംബ പ്രേക്ഷകരുമടക്കം എല്ലാത്തരം ഓഡിയൻസും കൊച്ചുണ്ണിയേയും പക്കിയേയും ഹൃദയം കൊണ്ട് സ്വീകരിച്ചു കഴിഞ്ഞു. മോഹൻലാൽ ഫാക്ടർ ആണ് ഈ ചിത്രത്തെ ഇത്രയധികം വലിയ വിജയത്തിലേക്ക് കൊണ്ട് പോകുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. കൊച്ചുണ്ണി ആയി നിവിൻ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ വെറും ഇരുപതു മിനിട്ടു മാത്രം ഉള്ള അതിഥി വേഷം ചെയ്ത മോഹൻലാൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരേപോലെ വാഴ്ത്തുന്ന പ്രകടനത്തോടെ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിനൊപ്പം കായംകുളം കൊച്ചുണ്ണി എന്ന ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തിൽ ഏറ്റവും നിർണ്ണായകമായ പങ്കു കൂടി വഹിച്ചിരിക്കുകയാണ് മോഹൻലാൽ. കേരളത്തിലെ തീയേറ്ററുകളിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ സൃഷ്ട്ടിക്കാനുള്ള കുതിപ്പിലാണ് ഈ റോഷൻ ആൻഡ്രൂസ്- ബോബി- സഞ്ജയ് ചിത്രം. ഗോകുലം ഗോപാലൻ ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്.