ഇപ്പോൾ മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ് നടി പാർവതി കസബ എന്ന ചിത്രത്തിനും അതിലെ നായകൻ മെഗാ സ്റ്റാർ മമ്മൂട്ടിക്കും എതിരെ നടത്തിയ വിമർശനം. പാർവതി മമ്മൂട്ടിക്കെതിരെ നടത്തിയ വിമർശനത്തെ തുടർന്നു മമ്മൂട്ടി ആരാധകരും സിനിമാ മേഖലയിൽ നിന്നുള്ള ചിലരും പാർവതിക്കെതിരെ രൂക്ഷമായി തന്നെ പ്രതികരിച്ചിരുന്നു. മമ്മൂട്ടി ആരാധകരിൽ ചിലർ പാർവതിക്കെതിരെ ഓൺലൈൻ അധിക്ഷേപവുമായ രംഗത്ത് വരികയും പാർവതി അതിനെതിരെ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. അതിന്റെ ഫലമായി പ്രിന്റോ എന്നൊരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മമ്മൂട്ടി ഫാൻ ആയ പ്രിന്റോവിനെ അറസ്റ്റ് ചെയ്തതിനു ശേഷം പിന്നീട് പോലീസ് വിട്ടയക്കുകയും ചെയ്തെങ്കിലും പുതിയ അറസ്റ്റുകൾ ഈ വിഷയത്തിൽ വീണ്ടും ഉണ്ടായേക്കും എന്നാണ് സൂചനകൾ പറയുന്നത്. എന്നാൽ ഈ വിഷയവുമായി ബന്ധപെട്ടു സോഷ്യൽ മീഡിയയിൽ ഇപ്പോൾ സ്റ്റാർ ആയതു കസബ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ ആയ ജോബി ജോർജ് ആണ്.
പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് വിട്ടയച്ച പ്രിന്റോക്ക് സോഷ്യൽ മീഡിയ വഴി ജോബി ജോർജ് ജോലി വാഗ്ദാനം ചെയ്താണ് ആരാധകരുടെയും സിനിമാ പ്രേമികളുടെയും കയ്യടി നേടിയത്. പ്രിന്റോയുടെ നമ്പർ തരികയാണെങ്കിലോ അല്ലെങ്കിൽ തന്റെ വീട്ടിലോ ഓഫീസിലോ വന്നു പ്രിന്റോ തന്നെ കാണുകയാണെകിലോ പ്രിന്റോക്ക് ജോലി കൊടുക്കാം എന്നാണ് ജോബി ജോർജ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലോ ദുബായിലോ, ഓസ്‌ട്രേലിയയിലോ, യു കെ യിലോ എവിടെയാണെങ്കിലും താൻ ജീവിച്ചിരിക്കുന്ന അത്രയും നാൾ പ്രിന്റോക്കു ജോലി ഉണ്ടാകും എന്നാണ് ജോബി ജോർജ് പറഞ്ഞിരിക്കുന്നത്. ഏതായാലും ഈ ജോലി വാഗ്ദാനം ചെയ്തതോടെ സോഷ്യൽ മീഡിയ കയ്യടികളുമായി ജോബി ജോർജിന് ഒപ്പമാണ്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ആണ് കസബ നിർമ്മിച്ചത്. മമ്മൂട്ടിയുടെ അടുത്ത ചിത്രമായ അബ്രഹാമിന്റെ സന്തതികൾ നിർമ്മിക്കുന്നതും ജോബി ജോർജ് തന്നെയാണ്.