
തമിഴിലെ സൂപ്പർ ഹിറ്റ് സിനിമകളായ പിസ, ജിഗർദണ്ഡ, പേട്ട തുടങ്ങിയവ പ്രേക്ഷകർക്ക് സമ്മാനിച്ച കാർത്തിക് സുബ്ബരാജ്, മലയാള ചിത്രം ചോലക്കു ആശംസകൾ നേർന്നു കൊണ്ട് ഇട്ട ട്വീറ്റ് ഇപ്പോൾ വൈറൽ ആവുകയാണ്. മലയാളത്തിന് ഒപ്പം തമിഴ് പതിപ്പ് കൂടി റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ് കാർത്തിക് സുബ്ബരാജ്. പ്രശസ്ത സംവിധായകൻ സനൽ കുമാർ ശശിധരൻ ഒരുക്കിയ ഈ ചിത്രത്തിൽ ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. സംവിധായകൻ സനൽ കുമാർ ശശിധരനും ജോജുവിനും, സിനിമയ്ക്കും ആശംസകൾ നൽകി കൊണ്ടാണ് കാർത്തിക് സുബ്ബരാജ് ഈ ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു എന്ന വിവരം ട്വിറ്ററിലൂടെ പങ്കു വെച്ചത്.
വലിയ നിരൂപക പ്രശംസയാണ് ചോല ഇതിനോടകം നേടിയെടുത്തിരിക്കുന്നതു. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിൽ ഒന്നായ വെനീസ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചു ഗംഭീര പ്രതികരണം നേടിയ ചോല ഒരു റോഡ് ത്രില്ലർ മൂവിയാണെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ട്രെയ്‌ലറും അത് തന്നെയാണ് നമ്മളോട് പറയുന്നത്. എല്ലാവരും കണ്ടിരിക്കേണ്ട കാലികപ്രസക്തിയുള്ള സാമൂഹിക വിഷയം കൂടി കൈകാര്യം ചെയ്യുന്ന ചിത്രമാണ് ചോല എന്നതാണ് ഇതിനെ വേറിട്ട് നിർത്തുന്നത് എന്നും ചിത്രം ഇതിനോടകം കണ്ടവർ അഭിപ്രായപ്പെടുന്നു. നായകൻ ജോജു ജോർജ് തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. പുതുമുഖമായ അഖിൽ വിശ്വനാഥും ഈ ചിത്രത്തിൽ നിർണ്ണായകമായ കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡിലും തിളങ്ങിയ ചിത്രമാണ് ചോല.