കാർത്തിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രത്തിന് ചെന്നൈയിൽ തുടക്കം കുറിച്ചു. ദേശീയ പുരസ്‌കാര ജേതാവ് രാജു മുരുകൻ തിരക്കഥയെഴുതി സംവിധാനവും ചെയ്യുന്ന ചിത്രത്തിന് ‘ജപ്പാൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളി താരം അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക. ‘ഡ്രീം വാരിയർ പിക്ചർസ്’ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രം, തെലുങ്കിൽ ഹാസ്യനടനായി വന്ന് പിന്നീട് നായകനായും വില്ലനായും വേഷങ്ങൾ അവചതരിപ്പിച്ച സുനിലിന്റ തമിഴ് അരങ്ങേറ്റ ചിത്രം, എന്നീ പ്രത്യേകതകൾ ഈ ചിത്രത്തിനുണ്ട്. ‘ഗോലി സോഡ’, ‘കടുക്’ എന്നീ ചിത്രങ്ങളുടെ സംവിധായകനും ഛായാഗ്രാഹകനുമായ വിജയ് മിൽടനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഇതുവരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭാവത്തിലും രൂപത്തിലുമാണ് കാർത്തി ജപ്പാനിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.
Delighted to announce that @Karthi_Offl starrer #Japan pooja happened today, need all your love 😊#ஜப்பான் @Dir_Rajumurugan @gvprakash @ItsAnuEmmanuel @vijaymilton @prabhu_sr pic.twitter.com/HOxLWeI1UO
— DreamWarriorPictures (@DreamWarriorpic) November 8, 2022
പൊന്നിയിൻ സെൽവനിലൂടെ ലോകശ്രദ്ധ നേടിയ രവി വർമനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജി.വി. പ്രകാശ് കുമാറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സി. കെ. അജയ് കുമാറാണ് പിആർഒ. രാജു മുരുകൻ-കാർത്തി-‘ഡ്രീം വാരിയർ പിക്ചർസ്’ എന്നീ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ജപ്പാൻ’ വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്. ‘ശകുനി’, ‘കാഷ്മോര’, ‘ധീരൻ അധികാരം ഒന്ന്’, ‘കൈതി’, ‘സുൽത്താൻ’ എന്നിവയാണ് ‘ഡ്രീം വാരിയർ പിക്ചർസ്’ന്റെ ബാനറിൽ നിർമ്മിച്ച കാർത്തി ചിത്രങ്ങൾ. തൂത്തുക്കുടിയിലും, കേരളത്തിലുമായി നവംബർ 12 മുതൽ ചിത്രീകരണം ആരംഭിക്കും.
‘സർദാർ’ആണ് ഒടുവിലായി തിയറ്റർ റിലീസ് ചെയ്ത കാർത്തി ചിത്രം. കാർത്തിയെ നായകനാക്കി പി എസ് മിത്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘സർദാർ’ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് കാർത്തി എത്തിയത്. ‘കൈതി’, ‘പൊന്നിയിൻ സെൽവൻ’ എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിൽ എത്തിയ കാർത്തിയുടെ മറ്റ് ചിത്രങ്ങൾ.