പൃഥ്വിരാജ് നായകനാവുന്ന കര്‍ണന്‍ എന്ന ചിത്രം ഏറെക്കാലമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ വർഷം തന്നെ നടന്നുവെങ്കിലും അതേ സമയത്ത് തന്നെ പി ശ്രീകുമാറിന്റെ രചനയില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ കര്‍ണനും പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ പിന്നീട് രണ്ട് ചിത്രങ്ങളേക്കുറിച്ചും കാര്യമായ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ താൻ നായകനായെത്തുന്ന ‘കർണൻ’ വലിയ രീതിയിൽ തന്നെ പുറത്തിറങ്ങുമെന്ന് പൃഥ്വിരാജ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യാന്തരനിലവാരത്തിൽ ഒരുങ്ങുന്ന സിനിമയാണ് കർണൻ. എന്നാൽ അതിന്റെ മുടക്ക് എത്രയെന്ന് ഇപ്പോള്‍ പറയാനാകില്ല.
വിമൽ ഇപ്പോൾ ഈ പ്രോജക്ട് പൂർണതയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. അദ്ദേഹവുമായി ഞാൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിന് ശേഷമേ പുതിയ കാര്യങ്ങൾ പറയാനാകുവെന്നും പൃഥ്വി പറയുന്നു.
ഏറെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ആര്‍ എസ് വിമല്‍ മഹാഭാരതത്തെ അടിസ്ഥാനമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 50 കോടി ബജറ്റില്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ ബജറ്റ് പിന്നീട് 300 കോടിയിലേക്ക് ഉയർത്തിയെന്ന് ആർ.എസ് വിമൽ മുൻപ് വ്യക്തമാക്കിയിരുന്നു. കർണനൊപ്പം അനിമേഷൻ ചിത്രവും പുറത്തിറക്കാൻ അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്നുണ്ട്. കർണൻ സിനിമ റിലീസ് ചെയ്ത ശേഷമാകും അനിമേഷൻ ചിത്രം തിയറ്ററുകളിൽ എത്തുക.