ലോക്ക് ഡൗണിലായതിനാൽ സിനിമാ ചിത്രീകരണത്തിന്റെയും പ്രീ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെയും ഒന്നും തിരക്കില്ലാതെ സ്വന്തം വീടുകളിൽ ഒതുങ്ങി കൂടിയ സമയമായിരുന്നു ഈ കഴിഞ്ഞ രണ്ടു മാസം ഇന്ത്യൻ സിനിമാ പ്രവർത്തകർക്ക്. സൂപ്പർ താരങ്ങൾ മുതൽ എല്ലാ സാങ്കേതിക പ്രവർത്തകരും വരെ വീടുകളിൽ ഒതുങ്ങി കൂടിയ സമയം. ഈ കാലയളവിൽ പലരും ഒരുപാട് സിനിമകൾ കാണുകയും വായിക്കുകയും പുതിയ ചിത്രങ്ങൾ രചിക്കുകയും പ്ലാൻ ചെയ്യുകയും ചെയ്യുന്ന തിരക്കിലായിരുന്നു. ബോളിവുഡ് സംവിധായകനും, നിർമ്മാതാവുമായ കരൺ ജോഹർ ഈ സമയം ഉപയോഗിച്ചത് കൂടുതൽ അന്യ ഭാഷാ ചിത്രങ്ങൾ കാണാനാണ്. ആ കൂട്ടത്തിൽ ഒട്ടേറെ തമിഴ് ചിത്രങ്ങളും കണ്ട കരൺ ജോഹർ പറയുന്നത് ഈ അടുത്തിടെ കണ്ടതിൽ അദ്ദേഹത്തിന് ഏറെയിഷ്ടപെട്ട തമിഴ് ചിത്രങ്ങൾ വെട്രിമാരൻ ഒരുക്കിയ ധനുഷ് ചിത്രം അസുരനും ആറ്റ്‌ലി ഒരുക്കിയ വിജയ് ചിത്രം ബിഗിലും ആണെന്നാണ്.
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ ചിത്രങ്ങളെക്കുറിച്ചും ഇതിന്റെ സംവിധായകരെ കുറിച്ചും കരൺ ജോഹർ മനസ്സു തുറന്നത്. ശരിക്കും ചിന്തിപ്പിച്ചു, പിടിച്ചിരുത്തുന്ന സിനിമ എന്നു അസുരനെ വിശേഷിപ്പിച്ച കരൺ ധനുഷ് ശരിക്കും ഞെട്ടിച്ചു എന്നും അഭിനയം തകർത്തു എന്നും പറയുന്നു. അസുരനെ വിശേഷിപ്പിക്കാൻ തനിക്കു വാക്കുകൾ കിട്ടുന്നില്ല എന്നാണ് കരൺ ജോഹർ പറയുന്നത്. ബിഗിലും തനിക്കു ഒരുപാടിഷ്ടമായി എന്നു പറഞ്ഞ അദ്ദേഹം ആറ്റ്‌ലി എന്ന സംവിധായകനെ വിശേഷിപ്പിക്കുന്നത് മസാല സിനിമകളുടെ മാന്ത്രികനാണ് ആറ്റ്‌ലിയെന്നു പറഞ്ഞു കൊണ്ടാണ്. ആറ്റ്‌ലിയുടെ എല്ലാ സിനിമകളും തനിക്കിഷ്ടമാണെന്നും അദ്ദേഹം പറയുന്നു. കരൺ ജോഹറിന്റെ പ്രശംസക്കു നന്ദി പറഞ്ഞു കൊണ്ട് ആറ്റ്‌ലി ട്വീറ്റ് ചെയ്യുകയും ചെയ്തു. രാജാ റാണി, തെരി, മേർസൽ, ബിഗിൽ എന്നീ നാലു ചിത്രങ്ങളാണ് ആറ്റ്‌ലി ഇതുവരെ സംവിധാനം ചെയ്തത്. ഈ എല്ലാ ചിത്രങ്ങളും ബോക്‌സ് ഓഫീസ് വിജയങ്ങളാണ് എന്നു മാത്രമല്ല തമിഴിൽ മുന്നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ് ബിഗിൽ.