ഹൃദയം ഹിന്ദിയിൽ ഒരുക്കാൻ ബോളിവുഡിലെ സൂപ്പർ സംവിധായകൻ; മൂന്നു ഭാഷകളിലെ റീമേക് അവകാശമായി വമ്പൻ തുക..!

Advertisement

ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ്. അന്പത്തിയഞ്ചു കോടിയോളം ആണ് ഈ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ. കേരളത്തിൽ വെറും അമ്പതു ശതമാനം മാത്രം കാണികളെ കയറ്റിയും, അതുപോലെ ഞാറാഴ്ചകളിൽ പ്രദർശനം ഇല്ലാതെയും, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു ജില്ലകളിലെ തീയേറ്ററുകൾ അടഞ്ഞു കിടന്നപ്പോഴുമാണ് ഹൃദയം പുറത്തു വന്നു ഇത്രയും വലിയ വിജയമായി മാറിയത് എന്നത് ഇതിന്റെ മാറ്റു കൂട്ടുന്നു. പോരാതെ, ഹോട്ട് സ്റ്റാറിൽ ഒടിടി റിലീസ് ആയി വന്നപ്പോൾ അവിടേയും സൂപ്പർ വിജയമാണ് ഈ ചിത്രം നേടിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക് അവകാശം വമ്പൻ തുക നൽകി വാങ്ങിയിരിക്കുന്നത് ബോളിവുഡ് സൂപ്പർ സംവിധായകൻ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് ആണ്.

കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ചിത്രം ഈ മൂന്നു ഭാഷകളിൽ റീമേക് ചെയ്യുക. ധര്‍മ പ്രൊഡക്ഷന്‍സിന്റെയും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയും ഇക്കാര്യം അറിയിച്ച അവർ നിര്‍മാതാവ് വിശാഖ് സുബ്രമണ്യത്തിന് നന്ദി അറിയിച്ചാണ് പോസ്റ്റ് പങ്കു വെച്ചത്. വിശാഖും വിനീതും പ്രണവും ഈ കാര്യം പങ്കു വെച്ചിട്ടുണ്ട്. മാത്രമല്ല, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകളുമായി മോഹന്‍ലാലും മുന്നോട്ടു വന്നിട്ടുണ്ട്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഇതിലെ നായികാ വേഷങ്ങൾ ചെയ്തത്. മെറിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രം കൂടിയാണ് ഹൃദയം. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസ് തിരിച്ചെത്തിയതും ഈ ചിത്രത്തിലൂടെ ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close