അടുത്ത വർഷം ഏപ്രിൽ-മേയ് മാസത്തിൽ ഇന്ത്യയിൽ ലോക സഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. എന്നാൽ അതിനു മുമ്പേ തന്നെ ഇന്ത്യയിലെ പല പല ഭാഷകളിൽ ആയി നാലോളം രാഷ്ട്രീയക്കാരുടെ ജീവിത കഥകളാണ് സിനിമകൾ ആയി എത്തുന്നത്. ഹിന്ദിയിൽ രണ്ടെണ്ണവും തെലുങ്കിൽ രണ്ടെണ്ണവും ആണ് റീലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഇലക്ഷന് മുൻപ് രാഷ്ട്രീയക്കാരുടെ ജീവ ചരിത്രങ്ങൾ റിലീസ് ചെയ്യുന്ന ഈ ഇന്ത്യൻ പ്രതിഭാസത്തെ കിടിലനായി ട്രോളിക്കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് പ്രശസ്ത നടനും രചയിതാവും ആയ മുരളി ഗോപി. തന്റെ കമ്മാരസംഭവം എന്ന സിനിമയെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ദിലീപ് ചിത്രമാണ് കമ്മാരസംഭവം. ചരിത്രം എങ്ങനെ വളച്ചൊടിക്കുന്നു എന്നും ആ വളച്ചൊടിച്ച ചരിത്രം വെച്ച് എങ്ങനെ ജനങ്ങളെ പറ്റിക്കുന്നു എന്നുമാണ് ആ ചിത്രം പറഞ്ഞത്. തീയേറ്ററുകളിൽ വിജയം നേടിയില്ല എങ്കിലും ടിവിയിൽ വന്നതിനു ശേഷം ഗംഭീര പ്രേക്ഷകഭിപ്രായം നേടിയ ചിത്രമാണ് ഇത്. ഇപ്പോൾ ആ ചിത്രത്തിൽ മുരളി ഗോപി പറഞ്ഞ ഓരോ കാര്യങ്ങളും സത്യമായി വരികയാണ് എന്നതും തന്റെ പോസ്റ്റിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ശിവ സേന നേതാവായ ബാൽ താക്കറെയുടെ ജീവ ചരിത്രം പറയുന്ന താക്കറെ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ജീവിത കഥ പറയുന്ന ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ, ആന്ധ്ര കോൺഗ്രസ് പാർട്ടിയുടെ അന്തരിച്ചു പോയ നേതാവായ വൈ എസ് രാജശേഖര റെഡ്‌ഡിയുടെ ജീവിത കഥ പറയുന്ന യാത്ര, അന്തരിച്ച എൻ ടി ആറിന്റെ കഥ പറയുന്ന ചിത്രം എന്നിവയാണ് അടുത്ത വർഷം ആദ്യ മാസങ്ങളിൽ ആയി റിലീസ് ചെയ്യാൻ പോകുന്നത്. നവാസുദീൻ സിദ്ദിഖി, അനുപം ഖേർ, മമ്മൂട്ടി, ബാലകൃഷ്ണ എന്നിവരാണ് യഥാക്രമം ഈ ചിത്രങ്ങളിൽ നായക വേഷങ്ങൾ ചെയ്യുന്നത്.