കളക്ഷനിലും കമ്മാരൻ സംഭവം തന്നെ; വിഷുക്കാലത്ത് വമ്പൻ മുന്നേറ്റം നടത്തി കമ്മാരസംഭവം..

Advertisement

വിഷു റിലീസായി തീയേറ്ററുകളിലെത്തിയ കമ്മാരസംഭവം ഹൗസ്ഫുൾ ഷോസിന്റെ അകമ്പടിയോടുകൂടി തകർത്തു മുന്നേറുകയാണ്. 30 കോടിയോളം മുതൽമുടക്കിൽ ഒരുക്കിയ ഈ വമ്പൻ ചിത്രം വൻ റിലീസായി കേരളമൊട്ടാകെ ഏപ്രിൽ 14നാണ് റിലീസിനെത്തിയത്. ആദ്യദിനം മുതൽ ചിത്രത്തിന് വൻതിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ചിത്രം ആദ്യ ദിവസം മാത്രം മൂന്നു കോടിയോളം രൂപ കളക്ട് ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്. സമ്മിശ്ര അഭിപ്രായം പിന്നീടുള്ള ദിവസങ്ങളിൽ ചിത്രത്തിന് വന്നെങ്കിലും അവധിയും പ്രേക്ഷകർ പിന്തുണയും ഈ കളക്ഷൻ നിലനിർത്താൻ കാരണമായി. ചിത്രം ആദ്യ നാലു ദിവസത്തിനുള്ളിൽ തന്നെ 10 കോടി മറികടന്നു എന്നാണ് വിവരം ലഭിക്കുന്നത്. എങ്കിലും ചിത്രത്തിന്റെ കളക്ഷനെ സംബന്ധിച്ച ഔദ്യോഗികമായ വിശദീകരണങ്ങൾ എത്തിയിട്ടില്ല. ആദ്യ രണ്ടു ദിവസങ്ങൾക്കുശേഷം ചിത്രം പിന്നീട് ദിലീപ് ചിത്രങ്ങളുടെ പ്രധാന പിന്തുണയായ കുടുംബപ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലേക്ക് കൂടി ചിത്രം ഉടൻ റിലീസിനെത്തുന്നതോട് കൂടെ ചിത്രം വലിയ കളക്ഷൻ നേടുമെന്നാണ് കരുതപ്പെടുന്നത്.

നവാഗതനായ രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചരിത്രത്തിൽ ഒളിഞ്ഞുകിടക്കുന്ന ചതിയെ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് കമ്മാരസംഭവം. ചിത്രത്തിൽ കമ്മാരൻ നമ്പ്യാർ എന്ന വൈദ്യനായി ദിലീപ് എത്തുമ്പോൾ സുപ്രധാന വേഷത്തിൽ ഒപ്പം ഒതേനൻ നമ്പ്യാരായി സൂപ്പർ താരം സിദ്ധാർഥും ഒപ്പമുണ്ട്. ദിലീപ് ഇന്നുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറ്റവും വ്യത്യസ്തവും അഭിനയ പ്രാധാന്യമേറിയതുമായ കഥാപാത്രമാണ് കമ്മാരസംഭവംത്തിലേത്. ആദ്യപകുതിയിൽ നിന്നും തീർത്തും വ്യത്യസ്തമായ രണ്ടാംപകുതിയിൽ മാസ്സ് പരിവേഷത്തിലാണ് ആരാധകർക്ക് ആവേശമായി ദിലീപ് എത്തുന്നത്. ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ആക്ഷേപ ആക്ഷേപഹാസ്യ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനാണ്. നമിത പ്രമോദ്, ബോബി സിംഹ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. എന്തുതന്നെയായാലും വിഷു വേനലവധി ലക്ഷ്യമാക്കി ഇറക്കിയ ചിത്രം ലക്ഷ്യം കണ്ടു എന്ന് തന്നെ പറയാം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close