തമിഴകത്തിന്റെ ഉലക നായകൻ കമൽ ഹാസൻ തന്റെ സിനിമകളുടെ പേരിൽ മാത്രമല്ല, തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിലും അതുപോലെ താൻ ചെയ്യുന്ന നല്ല പ്രവൃത്തികളുടെ പേരിലും എന്നും വാർത്തകളിൽ നിറയുന്ന വ്യക്തിത്വമാണ്. കഴിഞ്ഞ ദിവസമാണ്, പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചപ്പോൾ മോഹൻലാൽ, പ്രിയദർശൻ തുടങ്ങിയ മലയാള സിനിമാ പ്രവർത്തകർക്കൊപ്പം ചേർന്ന് കമൽ ഹാസനും അവരുടെ കുടുംബത്തെ എത്രത്തോളം സഹായിച്ചു എന്ന് ഉഷാറാണിയുടെ അനുജത്തി രജനി പുറത്തു പറഞ്ഞത്. ഇപ്പോഴിതാ വീണ്ടും അദ്ദേഹം വാർത്തകളിൽ നിറയുന്നത് അതുപോലൊരു കാരുണ്യ പ്രവർത്തിയുടെ പേരിലാണ്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകൾ ആണ് ഇപ്പോൾ കമൽ ഹാസൻ ഏറ്റെടുത്തിരിക്കുന്നത്. ചെന്നൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന പൊന്നമ്പലത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോഴാണ് ഈ വിവരം കമൽ ഹാസന്റെ ശ്രദ്ധയിൽ പതിഞ്ഞത്. ഉടൻ തന്നെ പൊന്നമ്പലത്തിനു സഹായവുമായി കമൽ ഹാസൻ എത്തുകയായിരുന്നു.
കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നാണ് പൊന്നമ്പലം ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്. കമൽ ഹാസന്റെ ടീം പൊന്നമ്പലത്തിനു സഹായം നൽകിക്കൊണ്ട് നിരന്തരമായി ആശുപത്രി വൃത്തങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ട്. പൊന്നമ്പലത്തിന്റെ കൂടാതെ, സുഖമില്ലാത്ത അദ്ദേഹത്തിന്റെ രണ്ടു മക്കളുടെ ചികിത്സാ സഹായം കൂടി കമൽ ഹാസൻ ഏറ്റെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒട്ടേറെ ചിത്രങ്ങളിൽ സ്റ്റണ്ട് മാൻ ആയി ജോലി ചെയ്തിട്ടുള്ള പൊന്നമ്പലം ഒരഭിനേതാവായി ശ്രദ്ധ നേടുന്നത് കമൽ ഹാസന്റെ അപൂർവ സഹോദരങ്ങൾ എന്ന ചിത്രത്തിലൂടെയാണ്. തമിഴിലെ സൂപ്പർ താരങ്ങളായ രജനികാന്ത്, അജിത്, വിജയ് എന്നിവരുടെയെല്ലാം വില്ലനായി അഭിനയിച്ചിട്ടുള്ള പൊന്നമ്പലം മലയാള സിനിമയിലും വേഷമിട്ടിട്ടുണ്ട്. കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർഥിയായും എത്തിയ ഈ നടൻ അവസാനം അഭനയിച്ച ചിത്രം ജയം രവി നായകനായ കോമാളിയാണ്.
#Ponnambalam who is a villain cum character actor had been admitted at VHS Hospital for treatment. @ikamalhaasan has been in touch to update himself about the status of health. He has also undertaken to meet the cost of children' s education. @idiamondbabu pic.twitter.com/ue5iBqvR2X
— r.s.prakash (@rs_prakash3) July 9, 2020