ആ മമ്മൂട്ടി ചിത്രം എപ്പോൾ കണ്ടാലും ഞാൻ കരയും, അതൊരു അത്ഭുതകരമായ ചിത്രം: കമൽ ഹാസൻ..!

Advertisement

1987 ഇൽ റിലീസ് ചെയ്ത് വലിയ നിരൂപക പ്രശംസ നേടിയ മലയാള ചിത്രമാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ തനിയാവർത്തനം. അന്തരിച്ചു പോയ ഇതിഹാസ രചയിതാവു എ കെ ലോഹിതദാസ് രചിച്ചു സിബി മലയിൽ സംവിധാനം ചെയ്‌ത ഈ ചിത്രം ശ്രദ്ധ നേടിയത് അതിലെ അതിവൈകാരികത നിറഞ്ഞ കഥാ സന്ദർഭങ്ങൾ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമാണ്. ബാലൻ മാഷ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിൽ നൽകിയത്. ഒരു നടനെന്ന നിലയിൽ മമ്മൂട്ടിയുടെ തിരിച്ചു വരവിന് കൂടി കാരണമായ ചിത്രങ്ങളിൽ ഒന്നായിരുന്നു തനിയാവർത്തനം. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചു ഉലക നായകൻ കമൽ ഹാസൻ പറയുന്ന ഒരഭിപ്രായം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഈ ചിത്രം എപ്പോൾ കണ്ടാലും താൻ കരയുമെന്നും അത്രക്ക് അത്ഭുതകരമായ ഒരു ചിത്രമാണ് ഇതെന്നും കമൽ ഹാസൻ പറയുന്നു. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ചത് ഈ ചിത്രത്തിനു വേണ്ടിയാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. തന്റെ കുടുംബത്തിലെ പുരുഷന്മാർക്ക് മാത്രം പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ വിഹ്വലതകളിൽപ്പെട്ടു ജീവിതം നശിക്കുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണ തലങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിക്കു ഒപ്പം മുകേഷ്, തിലകൻ, സരിത, ഫിലോമിന, കവിയൂർ പൊന്നമ്മ എന്നിവരും ഈ ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. മികച്ച തിരക്കഥക്കും മികച്ച രണ്ടാമത്തെ നടനും രണ്ടാമത്തെ നടിക്കുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ യഥാക്രമം ലോഹിതദാസ്, തിലകൻ, ഫിലോമിന എന്നിവർ ഈ ചിത്രത്തിലൂടെ നേടിയെടുത്തു. എം ജി രാധാകൃഷ്ണൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close