
പൂജ റിലീസ് ആയി എത്തിയ ധനുഷ്- വെട്രിമാരൻ ടീമിന്റെ അസുരൻ എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫിസ് വിജയവും നേടി മുന്നേറുകയാണ്. പൊല്ലാതവൻ, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ധനുഷ്- വെട്രിമാരൻ ടീം ഒന്നിച്ച ഈ ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ ആണ് നായികാ വേഷം ചെയ്തത്. മഞ്ജുവിന്റെ ആദ്യത്തെ തമിഴ് ചിത്രം കൂടിയായിരുന്നു അസുരൻ. ഈ ചിത്രത്തിൽ ഗംഭീര പ്രകടനം ആണ് ധനുഷും മഞ്ജു വാര്യരും കാഴ്ച വെച്ചിരിക്കുന്നത്. ശിവസ്വാമി, പച്ചൈയമ്മാൾ എന്നീ കഥാപാത്രങ്ങളെ ആണ് ഇരുവരും ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഭാര്യ ഭർത്താക്കന്മാർ ആയി എത്തിയിരിക്കുന്ന ധനുഷ്- മഞ്ജു ടീമിന്റെ ഗംഭീര പ്രകടനം കാണാൻ കഴിഞ്ഞ ദിവസം ഉലക നായകൻ കമല ഹാസനും എത്തി.
അസുരൻ കണ്ടു ഇഷ്ട്ടപ്പെട്ട ഉലക നായകൻ മഞ്ജുവിനെ നേരിട്ട് കണ്ടാണ് തന്റെ അഭിനന്ദനം അറിയിച്ചത്. മാത്രമല്ല, വെട്രിമാരൻ, ധനുഷ് എന്നിവരെ വിളിച്ചു അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം. തന്റെ ആദ്യ തമിഴ് ചിത്രം തന്നെ ഗംഭീര വിജയം നേടിയതിലും അതിൽ വളരെ ശ്കതമായ ഒരു വേഷം അവതരിപ്പിച്ചു കൊണ്ട് നിരൂപക പ്രശംസ കൂടി നേടിയെടുക്കാൻ കഴിഞ്ഞതിലും ഉള്ള സന്തോഷത്തിൽ ആണ് മഞ്ജു. തന്റെ തിരിച്ചു വരവിനു ശേഷം ഈ നടി ചെയ്ത ഏറ്റവും ശ്കതമായ വേഷമാണ് അസുരനിലേതു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മോഹൻലാൽ- ലോഹിതദാസ് ചിത്രമായ കന്മദത്തിലെ ഭാനുവിനെ ഓർമിപ്പിക്കുന്ന വിന്റേജ് പെർഫോമൻസ് ആണ് മഞ്ജു പുറത്തെടുത്തത് എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരും ഉണ്ട്.
ഇനി മഞ്ജുവിന്റേതായി മലയാളത്തിൽ റിലീസ് ചെയ്യാൻ ഇരിക്കുന്നത് പ്രിയദർശൻ- മോഹൻലാൽ ചിത്രമായ മരക്കാർ; അറബിക്കടലിന്റെ സിംഹം, സന്തോഷ് ശിവൻ- കാളിദാസ് ജയറാം ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയാണ്. ഇത് കൂടാതെ റോഷൻ ആൻഡ്രൂസിന്റെ പ്രതി പൂവൻ കോഴി, സനൽ കുമാർ ശശിധരൻ ഒരുക്കുന്ന കയറ്റം എന്നീ ചിത്രങ്ങളും മഞ്ജുവിന്റേതായി ഒരുങ്ങുന്ന ചിത്രങ്ങൾ ആണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെ ആണ് ഈ നടി ഇപ്പോൾ കടന്നു പോകുന്നത്.