2013 ഇൽ റിലീസ് ചെയ്തു മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് മോഹൻലാൽ നായകനായ ദൃശ്യം. ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ഈ ക്ലാസിക് ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ചൈനീസ്, സിംഹളീസ് ഭാഷകളിലേക്കും റീമേക് ചെയ്തു. ദൃശ്യത്തിന്റെ കൊറിയൻ, ഹോളിവുഡ് റീമേക്കുകളും അധികം വൈകാതെ തുടങ്ങുമെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. അതിൽ തന്നെ ഇതിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസനാണ് മോഹൻലാൽ മലയാളത്തിൽ ചെയ്ത കേന്ദ്ര കഥാപാത്രത്തിന് ജീവൻ നൽകിയത്. ജീത്തു ജോസഫ് തന്നെയാണ് ഈ തമിഴ് പതിപ്പും ഒരുക്കിയത്. ഇപ്പോഴിതാ, ദൃശ്യം 2 റിലീസ് ചെയ്തു ആഗോള തലത്തിൽ വരെ വമ്പൻ സ്വീകരണവും ജനപ്രീതിയും വിജയവും നേടിയെടുത്ത സാഹചര്യത്തിൽ ദൃശ്യം 2 ന്റെ തമിഴ് പതിപ്പ് ഉണ്ടാകുമോ എന്ന കാര്യത്തിൽ മനസ്സ് തുറക്കുകയാണ് കമൽ ഹാസൻ. ദൃശ്യം രണ്ടിന്റെ തമിഴ് പതിപ്പിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നാണ് കമൽ ഹാസൻ പറയുന്നത്.
ഇപ്പോൾ തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയിലൂടെ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായ കമൽ ഹാസൻ സിനിമാ രംഗത്ത് പഴയതു പോലെ സജീവമായിരിക്കില്ല. ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം, ഷങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 എന്നിവയാണ് ഇനി വരാനുള്ള കമൽ ഹാസൻ ചിത്രങ്ങൾ. നിലവില്‍ ഏറ്റെടുത്തിട്ടുള്ള ഈ രണ്ടു സിനിമകള്‍ അല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്നും ദൃശ്യം 2 ന്റെ തമിഴ് റീമേക് തന്റെ അജണ്ടയിൽ ഇല്ലെന്നും അദ്ദേഹം പറയുന്നു. ദൃശ്യം 2 ന്റെ തെലുങ്കു റീമേക് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വെങ്കിടേഷ് ആണ് നായകൻ.