
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഇന്ന് മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് എന്ന് നിസംശയം പറയാം. ഈ വർഷം മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന മരക്കാർ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടുത്ത വർഷത്തേക്ക് റിലീസ് നീട്ടി വെക്കുകയായിരുന്നു. മോഹൻലാലിനൊപ്പം ഒരു വലിയ താരനിരതന്നെയണിനിരക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. ഏതായാലും ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളിൽ മൂന്ന് അവാർഡുകൾ നേടിയാണ് മരക്കാർ തിളങ്ങിയത്. ചിത്രത്തിലെ നൃത്ത രംഗങ്ങൾ ഒരുക്കിയ പ്രസന്ന മാസ്റ്റർ, ബ്രിന്ദ മാസ്റ്റർ എന്നിവർക്കും, വി എഫ് എക്സ് സൂപ്പർവൈസർ ആയ സിദ്ധാർഥ് പ്രിയദർശനും, ഇതിൽ അർജുൻ അവതരിപ്പിക്കുന്ന അനന്തൻ എന്ന കഥാപാത്രത്തിനായി ഡബ്ബ് ചെയ്ത വിനീതിനുമാണ് സംസ്ഥാന പുരസ്‍കാരങ്ങൾ ലഭിച്ചത്.
ഇപ്പോഴിതാ സംസ്ഥാന പുരസ്‍കാര ജേതാക്കളായ നൃത്ത സംവിധായകർക്ക് ആശംസയറിയിച്ചു കൊണ്ട് കല്യാണി പ്രിയദർശൻ പങ്കു വെച്ചിരിക്കുന്നത് ഇതിലെ നൃത്ത രംഗത്തിലെ പുതിയ സ്റ്റില്ലുകൾ ആണ്. പ്രണവുമൊത്തു നൃത്തം ചെയ്യുന്ന തന്റെ ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ട് കല്യാണി പറയുന്നത് മരക്കാർ റിലീസ് ചെയ്യാനായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എന്നും ഇതിലെ മനോഹരമായ ഗാന, നൃത്ത രംഗങ്ങൾ പ്രേക്ഷകർ കാണുന്ന ആ നിമിഷത്തിനായി കാത്തിരിക്കാൻ ക്ഷമ അനുവദിക്കുന്നില്ല എന്നുമാണ്. ചിത്രത്തിലെ രണ്ടു നൃത്ത രംഗങ്ങളിൽ ഒരെണ്ണം ബ്രിന്ദ മാസ്റ്ററും മറ്റൊന്ന് പ്രസന്നയും ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രവും അതുപോലെ ഏറ്റവും വലിയ റിലീസും ആയിരിക്കും.
