കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി ബഡ്ജറ്റിൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ലോകം മുഴുവനും അഞ്ചു ഭാഷകളിലായി അറുപതോളം രാജ്യങ്ങളിൽ ഈ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് കോവിഡ് 19 ഭീഷണി മൂലം ലോക്ക് ഡൌൺ സംഭവിച്ചതും ഇതിന്റെ റിലീസ് മാറിയതും. ഇനി അടുത്ത വർഷം എല്ലാ കാര്യങ്ങളും സാധാരണഗതിയിലേക്കു മടങ്ങി വന്നതിനു ശേഷമേ മരക്കാർ റിലീസ് ചെയ്യൂ എന്ന് നിർമ്മാതാവും സംവിധായകനും വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മൂന്നു പുരസ്‍കാരങ്ങളും സ്വന്തമാക്കിയ ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്. അതിലൊരാൾ പ്രിയദർശന്റെ മകളും പ്രശസ്ത തെന്നിന്ത്യൻ നായികയുമായ കല്യാണി പ്രിയദർശനാണ്.
മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന്റെ നായികയായാണ് കല്യാണി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കല്യാണി പറയുന്നത്, ഇതിൽ താൻ ചെയ്യുന്നത് വളരെ ഒരു ചെറിയ കഥാപാത്രമാണ് എന്നാണ്. ഒരു അതിഥി വേഷം എന്ന് പറയാമെങ്കിലും അതിലെ താൻ അഭിനയിച്ച ഒരു ഗാനം വളരെ മനോഹരമായി തന്നെ സ്‌ക്രീനിൽ വന്നിട്ടുണ്ട് എന്നാണ് കല്യാണി പറയുന്നത്. അച്ഛനൊപ്പം ജോലി ചെയ്യുക എന്നത് ഒരേ സമയം രസവും കുറച്ചൊക്കെ പേടി തരുന്നതുമായ അനുഭവമാണ് എന്നും കല്യാണി വിശദീകരിക്കുന്നു. അച്ഛനും ആ പേടി ഉണ്ടായിരുന്നു എന്നും അഞ്ചു ദിവസമാണ് ഷൂട്ട് ഉണ്ടായിരുന്നത് എങ്കിലും തനിക്കതു ടെൻഷൻ കാരണം അഞ്ചു വർഷം പോലെയാണ് തോന്നിയതെന്നും കല്യാണി പറഞ്ഞു. ഇവർക്കൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.