ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ ആളാണ് ജയറാമിന്റെ മകൻ കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച കാളിദാസ് ജയറാം എന്റെ വീട് അപ്പൂന്റേം എന്ന സിബി മലയിൽ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും സ്വന്തമാക്കി. അതിനു ശേഷം കാളിദാസ് നായകനായി അരങ്ങേറ്റം കുറിച്ചത് ആദ്യം തമിഴിൽ ആണ്. മീൻ കുഴമ്പും മണ്പാനയും എന്ന ചിത്രത്തിലൂടെ കാളിദാസ് അരങ്ങേറ്റം കുറിച്ചു എങ്കിലും ആ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയില്ല. ഒരു പക്കാ കതൈ എന്ന ഒരു ചിത്രം കൂടി ചെയ്തു എങ്കിലും ആ ചിത്രം റിലീസ് ചെയ്തിട്ടില്ല. മലയാളത്തിൽ കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം കുറിച്ചത് പൂമരം എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ ആയിരുന്നു. വ്യത്യസ്തമായ ഒരു ക്യാമ്പസ് സ്റ്റോറി എന്ന നിലയിൽ നിരൂപക പ്രശംസ നേടിയെങ്കിലും പൂമരവും ബോക്സ് ഓഫീസിൽ ഒരു വിജയമായില്ല. ഇപ്പോഴിതാ രണ്ടു വലിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ സജീവമാവുകയാണ് കാളിദാസ് ജയറാം.
അതിലൊന്ന് പ്രശസ്ത സംവിധായകനായ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ്. ഇപ്പോൾ തന്റെ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലായ ജീത്തു ജോസഫ് അടുത്തതായി ഒരുക്കുന്ന മലയാള ചിത്രത്തിൽ കാളിദാസ് ജയറാം ആണ് നായകൻ. ഈ ചിത്രത്തിലെ താര നിർണ്ണയം പൂർത്തിയായി വരികയാണ്. അതോടൊപ്പം കാളിദാസ് ജയറാം അഭിനയിക്കുന്ന മലയാള ചിത്രം ആയിരിക്കും മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന അർജെന്റീന ഫാൻസ് കാട്ടൂർ കടവ് എന്ന ചിത്രം. ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ആയിരിക്കും നായിക എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ രണ്ടു ചിത്രങ്ങൾ കൂടാതെ കാർത്തിക് നരെയ്ൻ ഒരുക്കാൻ പോകുന്ന അടുത്ത തമിഴ് ചിത്രമായ നാടക മേടയിലും അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രത്തിലും കാളിദാസ് ജയറാം ആയിരിക്കും നായകൻ എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.