തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നയൻതാര ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ മൂല്യമുള്ള നായിക നടിമാരിലൊരാളാണ്. അഭിനയ ജീവിതത്തിലെ ആദ്യനാളുകളിൽ നയൻതാര ചെറിയതോതിലെങ്കിലും അവഗണനകൾ നേരിട്ടിട്ടുണ്ട്. അവസരങ്ങൾക്കായി ഒരുപാട് അലഞ്ഞിട്ടുള്ള താരം ഇന്ന് എത്തി നിൽക്കുന്നത് വലിയ സ്ഥാനത്തിൽ തന്നെയാണ്. ഇപ്പോഴിതാ തമിഴ് സിനിമയിലെ പ്രമുഖ നിർമ്മാതാവ് കലൈപുലി എസ് താനു നയൻതാരയെ ആദ്യമായി അഭിനയിപ്പിക്കാൻ കഴിയാതെ പോയതിന്റെ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്. അഭിനയ ജീവിതത്തിന്റെ തുടക്ക കാലഘട്ടത്തിൽ നയൻതാരയുടെ ചിത്രം ഒരു മാഗസിനിൽ നിർമ്മാതാവ് താനു കാണാനിടയായി. താൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലെ നായിക കഥാപാത്രത്തിന് അനുയോജ്യ ആണ് നയൻതാര എന്ന് നിർമ്മാതാവ് തീരുമാനിച്ചെങ്കിലും ആ തീരുമാനം നടക്കാതെ പോവുകയാണ് ചെയ്തത്. തമിഴ് സൂപ്പർ താരം സിമ്പു നായകനായ തോട്ടീ ജയ, എന്നാൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനിടയിലാണ് നിർമ്മാതാവ് താനു യാദൃശ്ചികമായി നയൻതാരയുടെ ചിത്രം ഒരു മാഗസിനിൽ കാണാനിടയായത്. അന്ന് ഡയാന എന്നായിരുന്നു താരത്തിന്റെ പേര്, ദേവി ശ്രീദേവി തിയേറ്റർ മാനേജർ ഡയാനയെ പരിചയപ്പെടുത്തുകയും ചെന്നൈയിലേക്ക് കൊണ്ടുവരികയും ചെയ്തു.
കുടുംബസമേതമാണ് ഡയാന ചെന്നൈയിലെത്തിയത്. തനിക്ക് ഡയാനയെ ഇഷ്ടമായി എങ്കിലും ചിത്രത്തിന്റെ ക്യാമറാമാൻ ആർ. ഡി രാജശേഖർ മലയാളി നടി ഗോപികക്ക് ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാനുള്ള അവസരം നൽകാമെന്ന് വാക്ക് നൽകിയിരുന്നു. ഫോർ ദ പീപ്പിൾ എന്ന മലയാളം ചിത്രത്തിൽ ക്യാമറാമാൻ ആയിരുന്നു അദ്ദേഹം. ചിത്രത്തിന്റെ സംവിധായകൻ വി.ഇസഡ് ദുരൈയ്ക്കും ഗോപിക നായികയായി എത്തുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. തന്റെ നിർബന്ധത്തിൽ ഡയാനയെവച്ച് ഒരു രംഗം ചിത്രീകരിച്ചു നോക്കിയെങ്കിലും രാജശേഖരന് ആ പ്രകടനം ഇഷ്ടമായില്ല. സംവിധായകനും ക്യാമറാമാനും നയൻതാരയെ ഇഷ്ടപ്പെടാത്തതിനാലും നേരത്തെതന്നെ ഗോപിക കരാറിൽ ഒപ്പുവച്ചത്തിനാലും ഗോപികക്കാണ് ഒടുവിൽ ആ കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിച്ചത്. ആ ചിത്രത്തിന് ശേഷം കുറച്ചു നാളുകൾ കഴിഞ്ഞാണ് ഡയാന എന്ന നയൻതാര മലയാള സിനിമയിൽ അഭിനയിക്കുന്നത്. അധികം താമസിക്കാതെ തന്നെ തമിഴിലേക്കും താരം ചേക്കേറി ഇപ്പോഴിതാ തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയും ചെയ്തു. നയൻതാരയെ അന്ന് ആദ്യമായി തമിഴിൽ അഭിനയിപ്പിക്കാൻ കഴിയാത്തതിന് ദുഃഖം നിർമ്മാതാവ് താനു പങ്കുവെയ്ക്കുകയും ചെയ്യുന്നു.