മലയാളികൾക്ക് ഏറെ സുപരിച്ചതനായ വ്യക്തിയാണ് കലാഭവൻ ഷാജോൺ. മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് ഷാജോൺ. ‘മൈ ഡിയർ കരടി’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി മലയാള സിനിമയിൽ ഭാഗമാവുന്നത്, പിന്നീട് ‘ഈ പറക്കും തളികയിലെ ട്രാഫിക് പൊലീസിന്റെ ചെറിയ വേഷത്തിലൂടെ ആളുകൾ അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങി. പിന്നീട് കുറെയേറെ ചിത്രങ്ങളിൽ അദ്ദേഹത്തിന് ഭാഗമാവാൻ സാധിച്ചിട്ടുണ്ട്. കലാഭവൻ ഷാജോൺ എന്ന വ്യക്തിയുടെ കരിയറിൽ വഴിത്തിരിവ് സൃഷ്ട്ടിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ‘മൈ ബോസ്’ എന്ന ചിത്രത്തിൽ അലി എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ട ഹാസ്യ താരമായിമാറി, എന്നാൽ അടുത്ത വർഷമിറങ്ങിയ ജീത്തു ജോസഫ് ചിത്രമാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറച്ചത്.
2013ൽ പുറത്തിറങ്ങിയ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമാണ് ‘ദൃശ്യം’, മലയാള സിനിമയിലെ എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞ ചിത്രത്തിൽ കലാഭവൻ ഷാജോണിന് വേണ്ടി ജീത്തു ജോസഫ് ഒരുക്കിയ പ്രതിനായകന്റെ വേഷത്തിലൂടെയാണ് ഷാജോൺ എന്ന നടന്റെ കഴിവ് മലയാളികൾ തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ സ്വാഭാവിക അഭിനയത്തിൽ മലയാളികൾ ഒരു നിമിഷമെങ്കിലും ആ കഥാപാത്രത്തെ വെറുത്തിട്ടുണ്ടാവും. പിന്നീട് വീണ്ടും ‘ഒപ്പം’ എന്ന പ്രിയദർശൻ ചിത്രത്തിലും പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായി അദ്ദേഹം വിസ്മയിപ്പിച്ചു. എന്നാൽ രണ്ട് വർഷങ്ങൾക്ക് കലാഭവൻ ഷാജോൺ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നത് മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന സിനിമയിൽ തന്നെയാണ്. പല സിനിമകളിലും പോലീസ് കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിടുള്ള താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം എന്ന് നിസംശയം പറയാൻ സാധിക്കും. മമ്മൂട്ടിയോടൊപ്പം നായക പ്രാധാന്യം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കഥാപാത്രം, ക്ലൈമാക്സ് രംഗങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതും ഷാജോണിന്റെ പോലീസ് കഥാപാത്രം തന്നെയാണ്. ഹാസ്യ രംഗങ്ങളും , വില്ലൻ വേഷങ്ങളും വൈകാരിക രംഗങ്ങളും വളരെ അനായസത്തോട് കൂടി കൈകാര്യം ചെയ്യാൻ സാധിക്കുന്ന മലയാള സിനിമയിലെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് കലാഭവൻ ഷാജോൺ.