
മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ ഗാനരചയിതാക്കളിൽ ഒരാളാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. അതോടൊപ്പം തന്നെ അദ്ദേഹം ഒരു സംഗീത സംവിധായകനും, നടനും, ഗായകനും, തിരക്കഥാ രചയിതാവും സംവിധായകനും കൂടിയാണ്. ഏകദേശം അഞ്ഞൂറോളം മലയാള സിനിമകൾക്ക് വേണ്ടി പാട്ടെഴുതിയ കൈതപ്രം രചിച്ച ഒട്ടേറെ ഗാനങ്ങൾ ഇന്നും മലയാളികൾക്ക് പ്രീയപ്പെട്ടതാണ്. ഇപ്പോഴും സജീവമായി തന്നെ ഈ രംഗത്ത് തുടരുന്ന അദ്ദേഹം ഈ അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. താൻ എഴുതിയ പാട്ടുകളിൽ അഭിനയിച്ച പല സൂപ്പർ താരങ്ങളും തന്നോട് നന്ദി കാണിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇവരെ ജനപ്രിയരാക്കുന്നതിൽ ആ പാട്ടുകൾ വഹിച്ച പങ്കും ചെറുതല്ലെന്ന് അദ്ദേഹം പറയുന്നു. ബിഹൈൻഡ് വുഡ്‌സ് ഇങ്കിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അതിൽ തന്നെ അദ്ദേഹം എടുത്ത് പറയുന്ന ഒരു തിക്താനുഭവം ഇപ്പോഴത്തെ സൂപ്പർ താരങ്ങളിൽ ഒരാളായ പൃഥ്വിരാജ് സുകുമാരനിൽ നിന്ന് ലഭിച്ചതാണ്.
ദീപക് ദേവ് ഈണം നൽകിയ ഒരു പൃഥ്വിരാജ് ചിത്രത്തിന്റെ പാട്ടെഴുതുന്നതിൽ നിന്നും, പൃഥ്വിരാജ് ഇടപെട്ട് തന്നെ മാറ്റിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഇങ്ങനെയാണ് ഇവർക്ക് ഗുരുത്വം ഇല്ലാതെ പോകുന്നതെന്നും കൈതപ്രം പറയുന്നു. ഇടക്കാലത്ത് സുഖമില്ലാതെയായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ശരീരത്തിന്റെ ഒരു ഭാഗത്തിന് ബലക്ഷയം സംഭവിച്ചിരുന്നു. അങ്ങനെയുള്ള സമയത്ത് അവർ വിളിച്ചിട്ട്, തന്റെ വയ്യാത്ത കാലും വെച്ച്, ആ വേദന സഹിച്ചു കൊണ്ട് മുടന്തി മുടന്തി രണ്ടാമത്തെ നിലയിലുള്ള ഇവരുടെ സ്റ്റുഡിയോയിൽ വരെ കയറി ചെന്ന് എഴുതിയിട്ടും, പൃഥ്വിരാജ് ഇടപെട്ട് തന്നെയൊഴിവാക്കിയതിന്റെ വേദന വളരെ വലുതാണെന്നും, ഇയാൾ ഇത്രയും മണ്ടനാണല്ലോ എന്നാണ് താൻ ആലോചിക്കുന്നതെന്നും കൈതപ്രം പറയുന്നു.