ഇപ്പോൾ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പുതിയ വിവാദം സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയന്പതാപതു ചിത്രമായി പ്രഖ്യാപിക്കപ്പെട്ട പ്രോജെക്ടിനെ കുറിച്ചാണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കോട്ടയം അച്ചായൻ കഥാപാത്രമായി സുരേഷ് ഗോപിയെത്തുന്ന ചിത്രമാണ് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യാൻ പോകുന്നത്. ഷിബിൻ ഫ്രാൻസിസ് രചനയും ടോമിച്ചൻ മുളകുപാടം നിർമ്മാണവും നിർവഹിക്കാൻ പോകുന്ന ഈ ചിത്രം ഈ വർഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ്, കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രമായ കടുവയുടെ രചയിതാവ് ജിനു എബ്രഹാം സുരേഷ് ഗോപി ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. താൻ രചിച്ച കടുവ എന്ന ചിത്രത്തിന്റെ കഥയും അതിലെ കഥാപാത്രങ്ങളുമാണ് ഈ സുരേഷ് ഗോപി ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നതെന്നും അവർ പകർപ്പവകാശ നിയമം ലംഘിച്ചുവെന്നും ചൂണ്ടി കാട്ടി തെളിവുകൾ സഹിതം ജിനു കോടതിയെ സമീപിച്ചപ്പോൾ സുരേഷ് ഗോപി ചിത്രത്തിന്റെ പ്രവർത്തനങ്ങൾ തടഞ്ഞു കൊണ്ട് കോടതി ഉത്തരവായി. ജിനു അബ്രഹാമിന്റെ സംവിധാന സഹായിയായി ജോലി ചെയ്ത ആളാണ് മാത്യൂസ് തോമസ് എന്നതും അദ്ദേഹം കടുവയുടെ തിരക്കഥ നേരത്തെ വായിച്ചിട്ടുണ്ട് എന്ന വെളിപ്പെടുത്തലും വിവാദം കൊഴുപ്പിച്ചു.
ഇപ്പോഴിതാ ഈ വിവാദത്തിൽ പുതിയൊരു ട്വിസ്റ്റുമായി എത്തിയിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ രഞ്ജി പണിക്കരാണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം ഈ പറയുന്ന ഒരെഴുത്തുകാരും സ്വയം സൃഷ്ടിച്ചത് അല്ലെന്നും കോട്ടയത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് അതെന്നും രഞ്ജി പണിക്കർ പറയുന്നു. 2001 ഇൽ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ്- രഞ്ജി പണിക്കർ ടീം ഒരുക്കാനിരുന്ന വ്യാഘ്രം എന്ന ചിത്രം ഇതേ കഥാപാത്രത്തിന്റെ ജീവിതം സിനിമയാക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ പിന്നീട് അത് നടക്കാതെ പോയി. വർഷങ്ങൾക്കു ശേഷം അതേ കഥാപാത്രത്തെ വെച്ച് ഷാജി കൈലാസ് ഒരു ചിത്രമൊരുക്കുന്നു എന്ന് പറഞ്ഞപ്പോൾ താൻ എതിർക്കാതിരുന്നത് ഷാജിക്ക് ഒരു സിനിമ ലഭിക്കേണ്ടത് അത്യാവശ്യമാണ് എന്ന് തോന്നിയത് കൊണ്ടാണെന്നും, ഈ കഥാപാത്രം സ്വയം സൃഷ്ടിച്ചതാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അടിസ്ഥാന രഹിതമാണെന്നും രഞ്ജി പണിക്കർ തുറന്നു പറയുന്നു. ആർക്കും ഇത്തരം പശ്ചാത്തലത്തിൽ സിനിമയെടുക്കാനുള്ള അവകാശവും അധികാരവും ഉള്ളത് കൊണ്ടാണ് താൻ ഇതിൽ മറ്റവകാശ വാദങ്ങളൊന്നും തന്നെ ഉന്നയിക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.