യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവ ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് അമ്പത് കോടി ഗ്രോസ് പിന്നിട്ടു എന്ന വിവരമാണ് ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ പുറത്തു വിട്ടിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണിത്. ഇതിനു തൊട്ടു മുൻപ് റിലീസ് ചെയ്ത ജനഗണമന എന്ന പൃഥ്വിരാജ് ചിത്രവും അമ്പത് കോടി ക്ലബിൽ ഇടം നേടിയിരുന്നു. തുടർച്ചയായി രണ്ടു ചിത്രങ്ങൾ അമ്പത് കോടി ക്ലബിലെത്തിച്ച പൃഥ്വിരാജ് ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം മലയാള നടനുമായി മാറി. 2016 ഇൽ ഒപ്പം, പുലി മുരുകൻ എന്നീ ചിത്രങ്ങൾ അമ്പതു കോടി ക്ലബിലെത്തിച്ച മോഹൻലാൽ ആണ് ഈ നേട്ടം സ്വന്തമായുണ്ടായിരുന്ന മലയാള നടൻ. 2018 – 2019 ഇൽ ഒടിയൻ, ലൂസിഫർ എന്നീ ചിത്രങ്ങൾ അമ്പത് കോടി ക്ലബിലെത്തിച്ച മോഹൻലാൽ ഈ നേട്ടം രണ്ടാം തവണയും ആവർത്തിച്ചിരുന്നു.
മാസ്റ്റർ ഡയറക്ടർ ഷാജി കൈലാസ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരിച്ചു വന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായ കടുവ. സംയുക്ത മേനോൻ നായികാ വേഷം ചെയ്ത ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്തത് ബോളിവുഡ് താരമായ വിവേക് ഒബ്‌റോയിയാണ്. കലാഭവൻ ഷാജോൺ, അലെൻസിയർ,ബൈജു , സീമ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, പ്രിയങ്ക നായർ, വൃദ്ധി വിശാൽ, ജൈസ് ജോസ്, സുരേഷ് കൃഷ്ണ, ഇന്നസെന്റ്, ജോയ് മാത്യു, ശിവജി ഗുരുവായൂർ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നത് ജേക്സ് ബിജോയ്യാണ്. ജിനു എബ്രഹാം തിരക്കഥ രചിച്ച കടുവക്കു ഒരു രണ്ടാം ഭാഗം കൂടിയുണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരിക്കുന്നത്.
Thank you for the love once again! ❤️❤️❤️ 50 + Crores worldwide at the Global Box Office! #KADUVA 🔥@PrithvirajProd @magicframes2011 #ShajiKailas #JinuAbraham pic.twitter.com/IyEKMecdDX
— Prithviraj Sukumaran (@PrithviOfficial) August 1, 2022