മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ കടുവ റിലീസ് ചെയ്യാൻ പോവുകയാണ്. ജൂലൈ ഏഴിനാണ് ഈ ചിത്രം ആഗോള റിലീസായെത്തുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഒരു വലിയ ഇടവേളയ്ക്കു ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് തിരിച്ചെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ കടുവയെ കുറിച്ച് പൃഥ്വിരാജ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കടുവ ഒരു നാടൻ അടിപ്പടമാണെന്നും, മാസ് സിനിമകൾ കാണണമെങ്കിൽ അന്യഭാഷ സിനിമകൾ കാണണമെന്നുള്ള തോന്നൽ മാറ്റാനാണ് കടുവയിലൂടെ ശ്രമിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. റിയലിസ്റ്റിക് ആയതും ചെറുതുമായ ഒട്ടേറെ മനോഹരമായ ചിത്രങ്ങൾ ഇവിടെ സംഭവിക്കുന്നതിനൊപ്പം തന്നെ കടുവ പോലെയുള്ള മാസ്സ് ചിത്രങ്ങളും ഉണ്ടാവണമെന്നും എങ്കിൽ മാത്രമേ നമ്മുടെ സിനിമാ ഇൻഡസ്ട്രിയിൽ വൈവിധ്യവും വളർച്ചയും വരികയുള്ളുവെന്നും പൃഥ്വിരാജ് പറഞ്ഞു. 2019 തുടക്കത്തിലാണ് താൻ ഈ ചിത്രത്തിന്റെ തിരക്കഥ കേൾക്കുന്നതെന്നും, അത് കേട്ടപ്പോൾ തന്നെ ഇത്തരമൊരു ചിത്രം ഇവിടെയുണ്ടായിട്ടു കുറെ നാളായല്ലൊ എന്നാണ് തോന്നിയതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.
ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലനായെത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോൻ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫനെന്നിവർ ചേർന്ന് നിർമ്മിച്ച കടുവയിൽ കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്നത്. സുജിത് വാസുദേവ്, അഭിനന്ദം രാമാനുജൻ എന്നിവർ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. സിദ്ദിഖ്, വിജയ രാഘവൻ, കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, അജു വർഗീസ്, സുദേവ് നായർ, സായ് കുമാർ, സീമ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, റീന മാത്യൂസ്, പ്രിയങ്ക നായർ, മീനാക്ഷി, വൃദ്ധി വിശാൽ, ജൈസ് ജോസ്, കൊച്ചു പ്രേമൻ, സച്ചിൻ കടേക്കർ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.