ഇന്ന് പൃഥ്വിരാജ് ആണെങ്കിൽ അന്ന് ദിലീപ്; ട്വന്റി ട്വന്റിയിലെ വിവാദമായ ആ ഡയലോഗ്

Advertisement

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി നിൽക്കുന്ന ഒരു വിഷയം കടുവ എന്ന ചിത്രത്തിലെ ഒരു വിവാദ ഡയലോഗും, പ്രതിഷേധങ്ങളെ തുടർന്ന് അത് മുറിച്ചു മാറ്റേണ്ടി വന്നതുമാണ്. പൃഥ്വിരാജിന്‍റെ നായക കഥാപാത്രമായ കടുവക്കുന്നേൽ കുര്യച്ചൻ ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളുടെയും കുറിച്ച് പറയുന്ന ഡയലോഗ് ആണ് വിവാദമായി മാറിയത്. തെറ്റ് പറ്റിയെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പൃഥ്വിരാജ്, സംവിധായകൻ ഷാജി കൈലാസ് എന്നിവർ പബ്ലിക് ആയി തന്നെ പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതുപോലെ ഒരു സംഭവം നേരത്തേയും മലയാള സിനിമയിൽ നടന്നിട്ടുണ്ട്. താരസംഘടനായ അമ്മക്ക് വേണ്ടി ദിലീപ് നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റി എന്ന മൾട്ടി സ്റ്റാർ ചിത്രം ഇറങ്ങിയ സമയത്തായിരുന്നു അത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചത് ഗാന്ധിജി ഉപ്പു തിന്നും വെള്ളം കുടിച്ചും തെണ്ടി നടന്നുമാണെന്നായിരുന്നു ട്വന്‍റി 20യിലെ ദിലീപ് കഥാപാത്രം നടത്തുന്ന പരാമർശം.

എന്നാൽ അതിനെതിരെ പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് സെന്‍സര്‍ ബോര്‍ഡിന് പരാതി നൽകിക്കൊണ്ട് മുന്നോട്ടു വന്നു. അതിനെ തുടർന്ന് ആ രംഗം ചിത്രത്തില്‍ നിന്ന് നീക്കിയെങ്കിലും, ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ദിലീപ് ഖേദം പ്രകടിപ്പിക്കാൻ തയ്യാറായില്ല. എന്നാൽ അതിനു ശേഷം ചിത്രത്തിന്റെ വിസിഡി റിലീസ് ആയപ്പോൾ അതേ രംഗം വീണ്ടും ഉൾപ്പെടുത്തിയാണ് പുറത്തു വന്നത്. അതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ പ്രതിഷേധം ഉയര്‍ത്തിയതോടെ, ദിലീപും ഈ ചിത്രത്തിന്റെ വിസിഡി പുറത്തിറക്കിയ വിഡിസി നിര്‍മ്മാതാക്കളായ മോസര്‍ബെയര്‍ കമ്പനിയും പരസ്യമായി ഖേദം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നു. സിനിമയിൽ നിന്നും ആദ്യം മുറിച്ചു മാറ്റിയ ഭാഗം സാങ്കേതിക പിഴവുമൂലം വിസിഡിയില്‍ ഉള്‍പ്പെട്ടതാണെന്നായിരുന്നു അന്നവർ പറഞ്ഞത്. ആ സിനിമയുടെ തിരക്കഥ പുസ്തക രൂപത്തില്‍ വന്നപ്പോഴും വിവാദ പരാമര്‍ശങ്ങള്‍ ആവർത്തിക്കപ്പെടുകയും, തുടർന്ന് തിരക്കഥാകൃത്ത് സിബി കെ തോമസും പ്രസാധകരായ ഒലീവ് പബ്ളിക്കേഷനും ഖേദം പ്രകടിപ്പിച്ചു കൊണ്ട് പുസ്തകം പിൻവലിക്കുകയും ചെയ്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close