
തമിഴ് സൂപ്പർ താര ചിത്രങ്ങൾക്ക് എന്നും തമിഴിലേത് പോലെ തന്നെ മലയാളത്തിലും ഏറെ മാർക്കറ്റ് ഉള്ളവയാണ്. സൂപ്പർ സ്റ്റാർ രജനീകാന്ത് മുതൽ യുവതാരം ശിവകാർത്തികേയൻ വരെയുള്ള താരങ്ങൾ എല്ലാവരും തന്നെ മലയാളത്തിൽ വലിയ ചലനം സൃഷ്ടിച്ചതോടെ തമിഴ് സിനിമയ്ക്കുള്ള മാർക്കറ്റ് വലിയ രീതിയിൽ വളർന്ന് കഴിഞ്ഞു. മലയാള സിനിമ ബോക്സ്ഓഫീലെ ആദ്യ ദിന കളക്ഷൻ കൂടി ഒരു അന്യഭാഷാ ചിത്രം സ്വന്തമാക്കിയതോടെ കടന്ന് വരവും വിതരണത്തിനുള്ള മത്സരവും ഏറി. കഴിഞ്ഞ വർഷം ഏറ്റവുമധികം തുകയ്ക്ക് വിറ്റ് പോയത് മേർസൽ ആയിരുന്നു. ചിത്രം ആദ്യ ദിനം 6 കോടിയോളം രൂപയാണ് കളക്ഷൻ സ്വന്തമാക്കിയത്.
ഇപ്പോഴിതാ ബ്രഹ്മാൻഡ തമിഴ് ചിത്രങ്ങളുടെ വിതരണമാണ് ഏറെ ചർച്ചയായി മാറുന്നത്. രജനികാന്ത് – ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇന്ത്യൻ സിനിമയിലെ അത്ഭുദം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന റോബോ 2.0 വിന്റെ വിതരണാവകാശം സ്വന്തമാക്കിയതിന്റെ വാർത്തകളാണ് പുറത്ത് വരുന്നത്. ചിത്രം മിനി സ്റ്റുഡിയോസ് കേരളത്തിൽ വിതരണത്തിന് എത്തിക്കും. ലൈക്ക ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വിതരണക്കമ്പനിയാണ് മിനി സ്റ്റുഡിയോസ്. കാലയും ഇവർ തന്നെയാണ് വിതരണത്തിന് എത്തിക്കുന്നത്. മുൻപ് ചിത്രം 16 കോടിയോളം രൂപയ്ക്ക് ആഗസ്റ്റ് സിനിമാസ് സിനിമാസ് സ്വന്തമാക്കി എന്ന വാർത്ത വന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ വാർത്ത നിഷേധിച്ച് വിതരണത്തിന്റെ വാർത്ത ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. മുൻപ് രജനി ചിത്രം കബാലി 200ഓളം തീയേറ്ററുകളിൽ വമ്പൻ റിലീസായി എത്തിയിരുന്നു. റോബോയും കാലയും അതിലും വലിയ റിലീസായാണ് എത്തുന്നത്.