മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളെത്തിച്ച ഒരു സംവിധായകനാണ് കെ മധു. ഇരുപതാം നൂറ്റാണ്ടെന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രം സമ്മാനിച്ച് ശ്രദ്ധ നേടിയ അദ്ദേഹം, അതിന് ശേഷം മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ഒരു സിബിഐ ഡയറികുറിപ്പ്, മൂന്നാം മുറ, സേതുരാമയ്യർ സിബിഐ എന്നിവയൊക്കെ നമ്മുടെ മുന്നിലെത്തിച്ച ആള് കൂടിയാണ്. സിബിഐ സീരിസിൽ അഞ്ചു ചിത്രങ്ങൾ സംവിധാനം ചെയ്ത കെ മധു, അതിന്റെ അംഞ്ചം ഭാഗം പ്രേക്ഷകരുടെ മുന്നിലെത്തിച്ചത് ഈ വർഷമാണ്. മമ്മൂട്ടിയുടെ സേതുരാമയ്യർ എന്ന സിബിഐ ഓഫീസറെ പോലെ തന്നെ വലിയ ആരാധക വൃന്ദമുള്ള കഥാപാത്രങ്ങളാണ് ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ എന്നീ കെ മധു ചിത്രങ്ങളിൽ മോഹൻലാൽ അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കി, അലി ഇമ്രാൻ എന്നിവർ. അതിൽ ജാക്കിയെ അമൽ നീരദ് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരുന്നു. ഇപ്പോഴിതാ, അലി ഇമ്രാൻ എന്ന കഥാപാത്രവും വീണ്ടും വരാൻ സാധ്യതയുള്ള ഒന്നാണെന്നും മൂന്നാം മുറക്ക് ഒരു രണ്ടാം ഭാഗമുണ്ടായേക്കാമെന്നും വെളിപ്പെടുത്തുകയാണ് കെ മധു.
ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ സാധ്യതകളെ കുറിച്ച് സംസാരിച്ചത്. 1988 ഇൽ റിലീസ് ചെയ്ത മൂന്നാം മുറ ആ കാലത്തേ സകല ഇനിഷ്യൽ കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമായിരുന്നു. ഹൈജാക്ക് പ്രമേയമാക്കിയൊരുക്കിയ ഒരു പക്കാ ആക്ഷൻ ത്രില്ലറായ മൂന്നാം മുറയുടെ ഹൈലൈറ്റ് മോഹൻലാൽ കാഴ്ചവെച്ച ഗംഭീരമായ ആക്ഷൻ പ്രകടനം തന്നെയായിരുന്നു. അതിലെ കിടിലൻ ആക്ഷൻ സീനുകൾക്കും പഞ്ച് ഡയലോഗുകൾക്കും ഇന്നും ആരാധകരേറെ. എസ് എൻ സ്വാമി രചിച്ച ഈ ചിത്രത്തിൽ ലാലു അലക്സ്, സുരേഷ് ഗോപി, രേവതി, മുകേഷ്, സുകുമാരൻ, ബാബു ആന്റണി എന്നിവരും അഭിനയിച്ചിട്ടുണ്ട്.