ഫഹദ് ഫാസിൽ നായകനായ മലയൻ കുഞ്ഞെന്ന പുതിയ ചിത്രം ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നവാഗതനായ സജിമോൻ സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഫാസിൽ നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സൂപ്പർ ഹിറ്റ് സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ്. ഒരു പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ, അനികുട്ടൻ എന്ന കഥാപാത്രത്തിന്റെ അതിജീവന കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നത്. ഉരുൾ പൊട്ടലിൽ ഭൂമിക്കടിയിൽ മുപ്പതടിയോളം താഴ്ചയിൽ കുടുങ്ങി പോകുന്ന അനിൽകുമാർ എന്ന ഇലക്ട്രോണിക് ടെക്‌നീഷ്യന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം പറയുന്നത്. ആദ്യ പകുതി ഒരു ഫാമിലി ഡ്രാമ പോലെ മുന്നോട്ടു പോകുന്ന ഈ ചിത്രം രണ്ടാം പകുതിയിലാണ് ഒരു സർവൈവൽ ത്രില്ലറായി മാറുന്നത്. ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനത്തിനൊപ്പം തന്നെ ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്നത് ഇതിന്റെ കലാസംവിധായകൻ ആണ്.
കലാസംവിധായകൻ ജ്യോതിഷ് ശങ്കറിന്റെ മികവ് ചിത്രത്തിലുടനീളം നമ്മുക്ക് കാണാൻ സാധിക്കും. അനികുട്ടന്റെ വീടും പരിസരവും ജോലി ചെയുന്ന മുറി മുതൽ, ഭൂമിക്കടിയിലെ രംഗങ്ങളും പ്രകൃതി ദുരന്തത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന ഭീകരതയുമെല്ലാം പ്രേക്ഷകരുടെ മനസ്സിലെത്തിക്കുന്നതിൽ ജ്യോതിഷ് ശങ്കറിന്റെ മികവ് നിർണ്ണായകമായി മാറി. ചിത്രത്തിലെ അതിജീവന രംഗങ്ങളെല്ലാം തന്നെ സെറ്റിട്ടാണ് ചിത്രീകരിച്ചത്. പൂർണ്ണമായും വിശ്വസനീയമായി തോന്നുന്ന തരത്തിൽ ആ അന്തരീക്ഷം ഒരുക്കിയതിൽ കലാസംവിധായകനും അദ്ദേഹത്തിന്റെ സഹായികളും എടുത്ത പരിശ്രമം ചിത്രത്തിന്റെ ഓരോ ഫ്രയിമിലും നമ്മുക്ക് തിരിച്ചറിയാൻ സാധിക്കും. അത്ര പൂർണതയോടെയാണ് അവർ തങ്ങളുടെ ജോലി ചെയ്തിരിക്കുന്നത്. ഇപ്പോൾ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ അതിനെക്കുറിച്ചു സംസാരിക്കുമ്പോൾ, വലിയ അംഗീകാരങ്ങൾ ജ്യോതിഷ് ശങ്കറെന്ന പ്രതിഭയെ കാത്തിരിപ്പുണ്ടെന്നു തന്നെ നമ്മുക്ക് പറയാൻ സാധിക്കും.