96ാമത് ഓസ്കാറിലേക്ക് ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായി മാറിയിരിക്കുന്നത്, നവാഗതനായ പിഎസ് വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കൽ എന്ന ചിത്രമാണ്. 14 സിനിമകളുള്ള പട്ടികയില്‍ നിന്നാണ് ഈ ചിത്രം ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച്, ഓസ്കാർ നോമിനേഷൻ ജൂറിയുടെ ചെയർമാൻ ആയ, പ്രശസ്ത സംവിധായകൻ ഷാജി എൻ കരുൺ മനസ്സ് തുറക്കുകയാണ്. സിനിമ എന്നത് ഒരു കള്‍ച്ചറല്‍ മീഡിയം ആണെന്നും അതിനു വേണ്ടി മുടക്കുന്ന പണം മാത്രമല്ല അതിൽ പ്രധാനമായി ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സിനിമക്കൊരു കൾച്ചറും ഗ്രാമറും ഉണ്ടെന്നും കോടിക്കണക്കിന് പണം മുടക്കി സിനിമ ഉണ്ടാക്കുന്നതും ഒട്ടിയ വയര്‍ കൊണ്ട് സിനിമ ഉണ്ടാക്കുന്നതും തമ്മില്‍ വ്യത്യാസമെന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഒരു സിനിമയുടെ എസ്തറ്റിക്‌സാണ് ലോക സിനിമയില്‍ മത്സരിക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രധാന ഘടകമെന്നും വിനോദം മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഓരോ ചിത്രവും എങ്ങനെ ഡോക്യുമെന്റ് ചെയ്യപ്പെടുന്നു എന്നതിലാണ് കാര്യം എന്നും, അങ്ങനെ ഏറ്റവും മികച്ച രീതിയിൽ ഡോക്യുമെന്റ് ചെയ്യപ്പെട്ട ഒരു സാധാരണക്കാരന്റെ കഥയാണ് കൂഴങ്കല്ല് പറയുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. ഒരുവന്റെ ഭൂമിയും, ഭാഷയും, ജീവിത രീതിയുമെല്ലാം പറയുന്ന ഒരു ചിത്രമാണ് ഇതെന്നും നമ്മൾ തെരഞ്ഞെടുത്ത ഈ കുഞ്ഞു ചിത്രം ഇനി ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, റഷ്യ, ജപ്പാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിങ്ങനെ 91 രാജ്യങ്ങള്‍ക്കൊപ്പമാണ് മത്സരിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. മാനുഷിക മൂല്യങ്ങളെ ആത്മാവാക്കിയ ചിത്രങ്ങളാണ് കൂടുതലും അംഗീകാരങ്ങൾ നേടിയിട്ടുള്ളതെന്നും അത്തരത്തിലുള്ള നിലവാരം ഈ ചിത്രത്തിനുമുണ്ടെന്നും ഷാജി എൻ കരുൺ പറയുന്നു. 14 പേരടങ്ങുന്ന ജൂറിയുടെ തീരുമാനമാണ് ചിത്രമെന്നും ഷാജി എൻ കരുൺ വ്യക്തമാക്കി. ഇന്ത്യയിൽ നിർമ്മിക്കുന്ന ചിത്രങ്ങൾ പലതും ഇന്ത്യയിൽ മാത്രം കണ്ടാൽ മതി എന്ന രീതിയിൽ ഒരുക്കുന്നത് കൊണ്ടാണ് ഇന്ത്യന്‍ സിനിമകള്‍ക്ക് ലോക നിലവാരം പുലര്‍ത്താന്‍ ഉള്ള അവസരം നഷ്ട്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നയൻ താരയും വിഘ്‌നേശ് ശിവനും ചേർന്നു നിർമ്മിച്ച ചിത്രമാണ് കൂഴങ്കൽ.