ഇന്ത്യൻ സിനിമയിലെ മഹാനടനായ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത സദയം എന്ന ചിത്രത്തിലെ സത്യനാഥൻ. എം ടി വാസുദേവൻ നായർ ആണ് ആ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. തന്റെ തൂലിക സൃഷ്ട്ടിച്ചതിലും വലിയ മാനങ്ങൾ സത്യനാഥന് പകർന്നു നല്കാൻ മോഹൻലാലിന് കഴിഞ്ഞു എന്ന് എം ടി വാസുദേവൻ നായർ പിന്നീട് പറഞ്ഞ വാക്കുകളും ഏറെ പ്രസിദ്ധമാണ്. എന്നാൽ സദയം എന്ന ചിത്രത്തിലേക്ക് എത്തുന്നതിനു മുൻപ് എം ടി വാസുദേവൻ നായർ സിബി മലയിലിനോട് പറഞ്ഞ വിഷയം മറ്റൊന്നായിരുന്നു. മോഹൻലാലിനേയും മമ്മൂട്ടിയേയും നായകന്മാരാക്കി ജൂലിയസ് സീസർ എന്നൊരു മൾട്ടിസ്റ്റാർ ചിത്രം ഒരുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശയം. അതിനു വേണ്ടി എം ടി യും സിബി മലയിലും നിർമ്മാതാവായ സെവൻ ആർട്സ് വിജയ കുമാറും ചേർന്ന് ലൊക്കേഷനുകൾ തീരുമാനിക്കാനുള്ള യാത്രകൾ വരെ നടത്തുകയുണ്ടായി.
എന്നാൽ അതിനു ശേഷം തിരക്കഥാ രചനയുടെ ഘട്ടത്തിൽ ആണ് ഈ ചിത്രം അന്നത്തെ മലയാള സിനിമയുടെ മാർക്കറ്റ് വെച്ച് തിരിച്ചു പിടിക്കാനാവാത്ത വിധം ഉയർന്ന ബഡ്ജറ്റിൽ ചെയ്യേണ്ടി വരുമെന്ന ബോധ്യം ഉണ്ടാവുന്നതും ആ ചിത്രം മാറ്റി വെക്കപ്പെടുന്നതും. അതിനു ശേഷം മോഹൻലാലിനെ മാത്രം നായകനാക്കി എം ടി സിബി മലയിലിനോട് പറഞ്ഞ വിഷയമാണ് സദയത്തിന്റേത്. എം ടിയുടെ തന്നെ ശത്രു എന്ന കഥയിൽ നിന്നുമാണ് സദയത്തിലേക്കു എത്തിയത് എന്നും സിബി മലയിൽ ഓർത്തെടുക്കുന്നു. ദി ക്യൂവിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിൽ ആണ് സിബി മലയിൽ മനസ്സ് തുറന്നതു.