സംവിധാനം ചെയ്യാൻ പോലും സിനിമ പഠിച്ചിട്ടില്ല, പിന്നെയല്ലേ അഭിപ്രായം പറയാൻ; മാസ്സ് മറുപടിയുമായി ജൂഡ് ആന്റണി

Advertisement

ഇന്ന് സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ച വിഷയമായത് പ്രശസ്ത സംവിധായിക അഞ്ജലി മേനോൻ പറഞ്ഞ വാക്കുകളാണ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സിനിമാ നിരൂപകരെ കുറിച്ച് അഞ്ജലി മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിയതും ചർച്ചയായതും. സിനിമയെ വിമർശിക്കുന്നതിനോ, നിരൂപണം ചെയ്യുന്നതിനോ മുൻപ് അതേ കുറിച്ച് പഠിക്കുന്നത് നന്നായിരിക്കുമെന്നാണ് ഈ സംവിധായിക പറഞ്ഞത്. എഡിറ്റിംഗ് പോലെയുള്ള സാങ്കേതികമായ കാര്യങ്ങളെ കുറിച്ചൊന്നും ധാരണയില്ലാത്ത ആളുകൾ അതേ കുറിച്ചൊക്കെ പറയുന്നത് കാണുമ്പോൾ തനിക്ക് ചിരിയാണ് വരുന്നതെന്നും, സിനിമ എങ്ങനെ ഉണ്ടാക്കുന്നു എന്ന പ്രക്രിയയെ കുറിച്ച്, അല്പമെങ്കിലും പഠിക്കുകയും അറിവുണ്ടാക്കുകയും ചെയ്തിട്ട് വേണം സിനിമയെ വിമർശിക്കാനോ അതിനെ നിരൂപണം ചെയ്യാനോ ശ്രമിക്കേണ്ടതെന്നും അഞ്ജലി മേനോൻ പറയുന്നു.

അതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ് തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. അഞ്ജലി മേനോൻ പറഞ്ഞ വാക്കുകൾക്കെതിരെയുള്ള മറുപടി പോലെയാണ് ജൂഡ് ആന്റണി കുറിച്ചിരിക്കുന്നത്. അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “ഞാൻ സിനിമ പ്രേക്ഷകനാണ് . അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ. സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ . നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും . As simple as that.” ഏതായാലും ജൂഡ് ആന്റണിയുടെ ഈ വാക്കുകൾക്ക് വലിയ പിൻതുണയാണ് സോഷ്യൽ മീഡിയ നല്കുന്നതെന്നത് ശ്രദ്ധേയമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close