ഓസ്കാറിലേക്ക് വീണ്ടും ഒരു മലയാള ചിത്രം; 2018 ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി.

Advertisement

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള ചിത്രം 2018 ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി. 2024ലെ ഓസ്‌കാർ പുരസ്‌ക്കാരത്തിന് ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക എൻട്രി ആയാണ് ഈ മലയാള ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. കപില്‍ ശര്‍മയുടെ സ്വിഗാറ്റോ, കരണ്‍ ജോഹർ ഒരുക്കിയ റോക്കി ഓര്‍ റാണി കി പ്രേം കഹാനി , ബലഗാം, ദി കേരളാ സ്റ്റോറി എന്നിവയെയൊക്കെ പിന്തള്ളിയാണ് 2018 തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായകന്‍ ഗിരീഷ് കാസറവള്ളി നേതൃത്വം നൽകിയ 17 അംഗ കമ്മിറ്റിയാണ് ഓസ്കാർ എൻട്രി ചിത്രത്തിന്റെ തിരഞ്ഞെടുപ്പ് നടത്തിയത്. വിവിധ ഭാഷകളില്‍ നിന്നായി 22 ചിത്രങ്ങളാണ് കമ്മിറ്റിക്ക് മുന്നിലെത്തിയത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

ദ സ്റ്റോറി ടെല്ലര്‍ (ഹിന്ദി), മ്യൂസിക് സ്‌കൂള്‍ (ഹിന്ദി), മിസിസ്സ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ (ഹിന്ദി), 12ത് ഫെയില്‍ ( ഹിന്ദി), വിടുതലൈ പാര്‍ട്ട് 1 (തമിഴ്), ദസറ (തെലുഗു), വാല്‍വി (മറാത്തി), ഹിന്ദി ചിത്രമായ ഗദ്ദര്‍ 2, അബ് തോ സബ് ഭഗവാന്‍ ഭറോസെ, മറാത്തി ചിത്രമായ ബാപ് ല്യോക് എന്നിവയും പട്ടികയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2018 ഇൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തെ ആസ്പദമാക്കി ഒരുക്കിയ 2018 ഇൽ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറിൽ സി കെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവരും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് ജൂഡ് ആന്റണി ജോസഫും അഖിൽ പി ധർമജനും ചേർന്നാണ്. ഗുരു, ആദാമിന്റെ മകൻ അബു, ജെല്ലിക്കെട്ട് എന്നിവക്ക് ശേഷം ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി ആവുന്ന മലയാള ചിത്രം കൂടിയാണ് 2018 .

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close