മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് തമിഴിൽ വലിയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമാണ് മണി രത്‌നം സംവിധാനം ചെയ്ത ദളപതി. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടിയും അഭിനയിച്ചത്. ചിത്രത്തിന്റെ വിജയം മമ്മൂട്ടിക്ക് തമിഴ്‌നാട്ടിൽ വലിയ പ്രശസ്തിയും നേടിക്കൊടുത്തു. എന്നാൽ ഈ ചിത്രത്തിന്റെ കഥ ആദ്യം കേട്ടപ്പോൾ മമ്മൂട്ടി തീരുമാനിച്ചത് ഇത് ചെയ്യണ്ട എന്നാണെന്നു വെളിപ്പെടുത്തുകയാണ് സംവിധായകൻ ജോഷി. മണി രത്‌നം ഈ ചിത്രത്തിന്റെ കഥ പറയുമ്പോൾ മമ്മൂട്ടി താൻ സംവിധാനം ചെയ്ത കുട്ടേട്ടൻ എന്ന ചിത്രത്തിന്റെ സെറ്റിൽ ആയിരുന്നു എന്നും ദളപതി ചെയ്യണ്ട എന്നാണ് തന്റെ തീരുമാനം എന്ന് മമ്മൂട്ടി പറഞ്ഞെന്നും ജോഷി ഓർത്തെടുക്കുന്നു. പക്ഷെ, താൻ ആണ് പിന്നീട് മമ്മൂട്ടിയോട് ഈ ചിത്രം ചെയ്യാൻ നിര്ബന്ധിച്ചതെന്നും ജോഷി പറഞ്ഞു.
മമ്മൂട്ടിയെന്ന നടനെ മദ്രാസ്, കോയമ്പത്തൂർ പോലുള്ള നഗരങ്ങളിലുള്ളവർ അറിഞ്ഞാലും, തമിഴ്നാട്ടിലെ ഗ്രാമീണർ അറിയണമെന്നില്ല എന്നും, രജനീകാന്തിന്റെയും മണിരത്നത്തിന്റേയും കൂടെ അഭിനയിച്ചാൽ ഗ്രാമങ്ങളിലുള്ളവരിലേക്കും കടന്നുചെല്ലാം എന്നുമുള്ള തന്റെ ഉപദേശം സ്വീകരിച്ചാണ് മമ്മൂട്ടി ദളപതിയിൽ അഭിനയിച്ചതെന്നാണ് ജോഷി പറയുന്നത്. തന്നോടുള്ള വലിയ സഹൃദം കൊണ്ടാണ് മമ്മൂട്ടി ആ ഉപദേശം സ്വീകരിച്ചതെന്നും ജോഷി പറയുന്നു. ജോഷിയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായക വേഷം ചെയ്ത നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. സിനിമയിൽ നിന്ന് ഏകദേശം പുറത്തായി എന്ന അവസ്ഥയിൽ നിന്ന് ന്യൂ ഡൽഹി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെ വീണ്ടും തിരികെ കൊണ്ട് വന്ന സംവിധായകൻ ആണ് ജോഷി. പ്രാണൻ നിലനിർത്താൻ അഭിനയത്തിൽ നിന്ന് ഊർജം സ്വീകരിക്കുന്ന നടൻ എന്നാണ് ജോഷി മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. സംവിധായകൻ– അഭിനേതാവ് എന്നതല്ല മമ്മൂട്ടിയും താനും തമ്മിലുള്ള ബന്ധമെന്നും, അതിനെ ആത്മബന്ധമെന്നോ രക്തബന്ധമെന്നോ പറയാമെന്നും ജോഷി വ്യക്തമാക്കി.