66 മത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമക്കും മലയാളികൾക്കും അഭിമാനം കൊണ്ട് വന്നവരിൽ ഒരാൾ പ്രശസ്ത നടൻ ജോജു ജോർജ് ആണ്. ജോസെഫ് എന്ന സിനിമയിലെ പ്രകടനത്തിന് ആണ് ജോജു ജോർജിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചത്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം ജോജുവിന് 2018 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലും അംഗീകാരം നേടിക്കൊടുത്തിരുന്നു. ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് ജോജു ജോർജ്. അവാർഡ് വിവരം അറിഞ്ഞതോടെ ജോജുവിനെ തേടി അഭിനന്ദനങ്ങളും ഒഴുകിയെത്തുകയാണ്. ഫേസ്ബുക് ലൈവ് വീഡിയോ വഴി അഭിനന്ദങ്ങൾക്കു നന്ദി പറഞ്ഞ ജോജു പക്ഷെ മറ്റൊരു കാര്യമാണ് ഏവരെയും ഓർമിപ്പിക്കുന്നത്. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് തനിക്കു പുരസ്കാരം ലഭിച്ചിരിക്കുന്നത് എന്നും അതുകൊണ്ടു ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് നാടിനൊപ്പം നിൽക്കുകയാണ് എന്നും ജോജു പറയുന്നു. താനിപ്പോൾ വീട്ടിൽ ഇല്ല എന്നും വീട്ടിൽ എത്താൻ പറ്റിയിട്ടില്ല എന്നും ജോജു പറയുന്നു.
കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും കേരളത്തിൽ പ്രളയ സമാനമായ ഒരു അന്തരീക്ഷം ആണ് സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ആ സാഹചര്യത്തിൽ ആണ് ദുരിതമനുഭവിക്കുന്നവരുടെ ഒപ്പം നിൽക്കാനും നമ്മുടെ നാടിനൊപ്പം നിൽക്കാനും ജോജു ഏവരോടും അഭ്യര്ഥിക്കുന്നതു. ജോജു ഇപ്പോൾ ബാംഗ്ലൂർ ആണുള്ളത്. എയർപോർട്ട് അടച്ചത് കൊണ്ടാണ് അവിടെ പെട്ട് പോയത് എന്നും ജോജു പറഞ്ഞു. ജോസെഫ് എന്ന സിനിമ തന്ന പപ്പേട്ടനോട് നന്ദി പറയുകയാണ് എന്നും തനിക്കു വേഷങ്ങൾ നൽകിയ എല്ലാ സംവിധായകരോടും തന്റെ മാതാപിതാക്കളോടും തന്റെ സുഹൃത്തുക്കളോടും ഈ ലോകത്തുള്ള തന്റെ എല്ലാ ബന്ധങ്ങളോടും താൻ കടപ്പെട്ടിരിക്കുന്നു എന്നും ജോജു പറയുന്നു.