മലയാള സിനിമയിൽ സഹനടനായി വരുകയും പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ വ്യക്തി കൂടിയാണ് ജോജു ജോർജ്. ഓരോ സിനിമയിലും വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരം മലയാള സിനിമയിൽ തന്നെ ഒഴിച്ചുകൂടാനാവാത്ത ഒരു സ്വത്തായി മാറി, ചെയ്യുന്ന വേഷങ്ങളിൽ നൂറ് ശതമാനം നീതി പുലർത്തുന്ന താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ‘കളി’ എന്ന സിനിമയിൽ പോലീസ് ഉദ്യോഗസ്ഥനായി നിറഞ്ഞാടിയപ്പോൾ ‘ഉദാഹരണം സുജാത’ യിൽ ഹാസ്യ കഥാപാത്രമായി പ്രേക്ഷകരെ കൂടെ കൂടെ ചിരിപ്പിച്ചു. ‘രാമന്റെ ഏദൻത്തോട്ടം’ എന്ന സിനിമയിലെ പ്രതിനായക സ്വഭാവുള്ള കഥാപാത്രത്തിന്റെ പ്രകടനത്തിനും കുറെയേറെ പ്രശംസകൾ അദ്ദേഹത്തെ തേടിയെത്തി. ഓരോ സിനിമയിലെയും അദ്ദേഹത്തിന്റെ പ്രകടനത്തെ ആസ്പദമാക്കി സഹനടനിൽ നിന്ന് ആദ്യമായി നായക വേഷം കൈകാര്യം ചെയ്യാൻ ഒരുങ്ങുകയാണ്.
ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി എം.പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോസഫ്’. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ചിത്രത്തിൽ ജോജു ജോർജാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ‘മാൻ വിത് സ്കെയർ’ എന്നാണ് ടാഗ്‌ലൈനിൽ സൂചിപ്പിച്ചിരിക്കുന്നത്. സർവീസിൽ ഉണ്ടായിരുന്നപ്പോലുള്ള അനുഭവങ്ങളും പിന്നീട് അത് മൂലം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ഇതിവൃത്തം എന്നും സൂചനയുണ്ട്. അദ്ദേഹത്തിന്റെ മേക്ക് ഓവറാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്, വയസ്സായ കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ കുറെയേറെ കഷ്ടപ്പാടുകളും താരം സഹിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പൂജയും ആദ്യ ഷെഡ്യൂളും ഇന്നലെ തൊടുപുഴയിൽവെച്ചായിരുന്നു.
സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഇർഷാദ്, സിനിൽ, മാളവിക മേനോൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാഹി കബീറാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവനാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജുവാണ്.
ഡ്രീം ഷോട്ട് സിനിമയുടെ ബാനറിൽ ഷൗക്കത് പ്രസൂനാണ് ചിത്രം നിമ്മിക്കുന്നത്, ഈ വർഷം തന്നെ ‘ജോസഫ്’ പ്രദർശനത്തിനെത്തും.