മലയാള സിനിമയിലെ ഇപ്പോഴത്തെ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളും മികച്ച നടന്മാരിൽ ഒരാളുമാണ് ജോജു ജോർജ്. ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങൾ നേടിയ സൂപ്പർ വിജയങ്ങളും സംസ്ഥാന- ദേശീയ പുരസ്‍കാരങ്ങളും ജോജുവിന് മലയാള സിനിമയിൽ നേടിക്കൊടുത്തത് സ്വന്തമായ ഒരിടം ആണ്. ജോജുവിന്റെ പേരിൽ കൂടി മലയാള സിനിമ അറിയപ്പെടുന്ന കാലത്തിലൂടെ കടന്നു പോകുമ്പോൾ വീണ്ടും വീണ്ടും നേട്ടങ്ങൾ തേടിയെത്തുകയാണ് ഈ നടനെ. ജോജു ജോർജ് നിർമ്മിച്ച് നായകനായി അഭിനയിച്ച സനൽ കുമാർ ശശിധരൻ ചിത്രം ചോലക്കു വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുകയാണ്.
പ്രശസ്തമായ ടോക്കിയോ ഫിലിമെക്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ആണ് ചോല ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു. ഇതിനു മുൻപ് ലോക പ്രശസ്ത ചലച്ചിത്രമേള ആയ വെനീസ് ചലച്ചിത്രമേളയിലും ചോല പ്രദർശിപ്പിച്ചിരുന്നു. അതിരുകള്‍ മറികടക്കാന്‍ സിനിമയുടെ ശക്തിയെക്കുറിച്ചുള്ള തന്റെ വിശ്വാസം ശരിയാണെന്ന് ഇത് തെളിയിച്ചു എന്നാണ് ടോക്കിയോ ഫിലിമെക്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ചോല തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചത്. ജോജുവിനൊപ്പം തുല്യ പ്രാധാന്യം ഉള്ള കഥാപാത്രം ചെയ്തു കൊണ്ട് നിമിഷ സജയനും, പുതുമുഖമായ അഖിൽ വിശ്വനാഥും എത്തുന്ന ഈ ചിത്രം ഒരു ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രമാണ്.
വരുന്ന ഡിസംബർ ആറിന് മലയാളത്തിലും തമിഴിലും ഈ ചിത്രം റിലീസ് ചെയ്യും. അല്ലി എന്നാണ് ഇതിന്റെ തമിഴ് വേർഷന്റെ പേര്. പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് ഇതിന്റെ തമിഴ് വേർഷന്റെ നിർമാണ പങ്കാളി ആയി എത്തിയിരിക്കുന്നത്. ഒഴിവു ദിവസത്തെ കളി, സെക്സി ദുർഗ എന്നീ ചിത്രങ്ങളിലൂടെ ദേശീയ അന്തർദേശീയ പ്രശസ്തി നേടിയ സംവിധായകൻ ആണ് സനൽ കുമാർ ശശിധരൻ. പ്രദർശിപ്പിച്ച എല്ലാ ചലച്ചിത്ര മേളകളിൽ നിന്നും അതിഗംഭീര പ്രതികരണമാണ് ചോല നേടിയെടുത്തത്. ജോജു ജോർജിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായി ഈ ചിത്രം മാറും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.