ജോജു ജോർജ് എന്ന നടന് മലയാള സിനിമയിൽ സ്വന്തമായി ഒരിടം സമ്മാനിച്ച ചിത്രമാണ് ജോസഫ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാർ ആണ്. ജോജു ജോർജിന്റെ അതിഗംഭീര പ്രകടനവും ഈ ചിത്രം ചർച്ച ചെയ്ത സാമൂഹിക പ്രസക്തിയുള്ള വിഷയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബോക്സ് ഓഫീസിലും വിജയമായി മാറിയ ഈ ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ജോജു ജോർജ് അംഗീകരിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ജോജു ജോർജിനും ജോസഫിനും കയ്യടിയുമായി ജപ്പാനിലെ കാണികളും മുന്നോട്ടു വന്നിരിക്കുകയാണ്. ഈ ചിത്രം കണ്ട ഒരു ജാപ്പനീസ് പ്രേക്ഷകന്റെ വാക്കുകൾ ജോജു ജോർജ് പങ്കു വെക്കുകയും ആ നല്ല വാക്കുകൾക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
മാസയോഷി ടമുറ എന്ന ജാപ്പനീസ് പ്രേക്ഷകൻ ആണ് ജോസഫ് കണ്ടു തന്റെ അഭിപ്രായം പങ്കു വെച്ചിരിക്കുന്നത്. ഇന്ത്യയെ കുറിച്ച് പഠിക്കുന്ന ഒരു ജാപ്പനീസ്ക്കാരൻ ആണ് താൻ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പ്രതികരണം ആരംഭിക്കുന്നത്. ജോസഫ് എന്ന കേരളത്തിൽ നിന്നുള്ള ഈ ചിത്രം തന്നെ ഞെട്ടിച്ചു കളഞ്ഞു എന്നും അതിൽ പറയുന്ന പ്രമേയം വളരെ ഗൗരവതരമായ ഒന്നാണെന്നും അദ്ദേഹം പറയുന്നു. സ്വന്തം ജീവൻ ബലി കഴിച്ചു കൊണ്ട് ജോസഫ് എന്ന പോലീസുകാരൻ പുറത്തു കൊണ്ട് വരുന്ന ഒരു വലിയ ക്രൈം ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്നും പറഞ്ഞ അദ്ദേഹം ഡാൻസും പാട്ടും മാത്രം നിറഞ്ഞ ബോളിവുഡ് ചിത്രങ്ങളിൽ നിന്നെല്ലാം ജോസഫ് വളരെ വ്യത്യസ്തമാണെന്നും പറയുന്നു.
പല ജാപ്പനീസുകാരും ചിന്തിക്കുന്നത് ഇന്ത്യൻ സിനിമ എന്നാൽ ഡാൻസും പാട്ടും മാത്രമാണ് എന്നാണെന്നും സൂചിപ്പിച്ച അദ്ദേഹം ഇന്ത്യൻ സിനിമയിലെ വ്യത്യസ്ത തലങ്ങളെ കുറിച്ച് അവർക്കു അറിയില്ല എന്നും പറയുന്നു. വ്യത്യസ്ത സംസ്കാരങ്ങൾ പടർന്നു പന്തലിച്ചു കിടക്കുന്ന ഇന്ത്യയിൽ നിന്ന് ഇതുപോലെയുള്ള വ്യത്യസ്തമായ സൃഷ്ടികൾ സംഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാൽ ജാപ്പനീസുകാർക്കു ഇന്ത്യയുമായി കൂടുതൽ നന്നായി ചേർന്ന് പോകാൻ കഴിയും എന്നതും കൂട്ടിച്ചേർത്തു കൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.